യുവജന കമ്മിഷൻ അദാലത്ത്: കോട്ടയം ജില്ലയിൽ 14 പരാതികൾ തീർപ്പാക്കി, സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണത്തിന് ഇരയാകുന്നവർക്ക് പിന്തുണ.


കോട്ടയം: സമൂഹ മാധ്യമങ്ങളിൽ മോർഫിംഗ് മുഖേനയടക്കം വ്യാജപ്രചാരണങ്ങൾക്ക് ഇരയാകുന്നവർക്ക് നിയമസഹായവും മാനസിക പിന്തുണയും നൽകുമെന്ന് സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ഡോ. ചിന്ത ജെറോം പറഞ്ഞു.

 

 കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമ്മിഷൻ അദാലത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. അദാലത്തിൽ പരിഗണിച്ച 16 അപേക്ഷകളിൽ 14 എണ്ണം തീർപ്പാക്കി. ശേഷിക്കുന്ന രണ്ടെണ്ണം വിശദമായ ഹിയറിംഗിനായി അടുത്ത അദാലത്തിലേക്കു മാറ്റി. പുതുതായി രണ്ട് പരാതി ലഭിച്ചു. കോളജ് വിദ്യാർഥിനി നിതിന മോളുടെ കുടുംബത്തിന് നിയമനടപടികൾക്ക് പിന്തുണ നൽകും. പ്രണയത്തകർച്ച കൊലപാതകത്തിലേക്കു നയിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കമ്മീഷന്റെ നേതൃത്വത്തിൽ  യുവജനങ്ങൾക്കായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ എന്നിവയെ പരിപാടിയിൽ പങ്കാളികളാക്കും. സ്ത്രീ-പുരുഷ വ്യത്യാസമില്ലാത ജനാധിപത്യപരമായ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കാൻ ഉതകുന്ന പാഠഭാഗങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാരിനോടു ശിപാർശ ചെയ്യും. ഗാർഹിക പീഢന കേസുകൾ അടിയന്തരമായി തീർപ്പാക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ച് പ്രത്യേക സിറ്റിംഗുകൾ നടത്തുമെന്നും അവർ പറഞ്ഞു. കമ്മിഷൻ അംഗങ്ങളായ കെ.പി. പ്രശാന്ത്, റെനീഷ് മാത്യു, സെക്രട്ടറി ക്ഷിതി പ്രസാദ് എന്നിവർ പങ്കെടുത്തു.