കോട്ടയം: കോട്ടയം ജില്ലയിലെ സിവിൽ ഡിഫൻസ് സേനാംഗംങ്ങളുടെ രണ്ടാം ബാച്ച് പാസിങ് ഔട്ട് പരേഡ് നടന്നു. കോട്ടയം ബേക്കർ സ്കൂൾ മൈതാനിയിലാണ് ജില്ലയിലെ രണ്ടാം ബാച്ച് സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ പാസിങ് ഔട്ട് പരേഡ് നടന്നത്. ജില്ലയിൽ 170 ലധികം സിവിൽ ഡിഫൻസ് സേനാംഗങ്ങളാണ് രണ്ടാം ബാച്ചിൽ ഇന്ന് പാസിങ് ഔട്ട് പരേഡ് നടത്തിയത്. ദുരന്തമുഖങ്ങളിൽ സിവിൽ ഡിഫൻസ് സേനയുടെ സേവനം പ്രശംസനീയമാണെന്നും പ്രകൃതി ദുരന്തങ്ങളെ നേരിടാൻ സിവിൽ ഡിഫൻസ് സേന പൂർണ്ണ സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ സംസ്ഥാനതല പാസ്സിംഗ് ഔട്ടിൽ ഓൺലൈനായി സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ ഡോ. ബി സന്ധ്യ ഐ പി എസ്സ് എന്നിവർ ഓൺലൈനിൽ സല്യൂട്ട് സ്വീകരിച്ചു. കോട്ടയത്ത് ബേക്കർ സ്കൂൾ മൈതാനിയിൽ നടന്ന കോട്ടയം ഡിവിഷന്റെ പരേഡിൽ കോട്ടയം ആർ എഫ് ഓ അരുൺകുമാർ, ഡി എഫ് ഒ രാംകുമാർ എന്നിവർ സല്യൂട്ട് സ്വീകരിച്ചു. 14 ജില്ലാ ആസ്ഥാനങ്ങളിലായി സംസ്ഥാനതല പരിശീലനം പൂർത്തിയാക്കിയ 1254 സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ പാസ്സിംഗ് ഔട്ട് പരേഡ് ആണ് ഇന്ന് നടന്നത്. കോട്ടയം ആർ എഫ് ഓ അരുൺകുമാർ, ഡി എഫ് ഒ രാംകുമാർ എന്നിവർ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് ആശംസകൾ അറിയിച്ചു. ദുരന്തമുഖത്ത് അടിയന്തിര ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തി ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേകം പരിശീലനം ലഭിച്ച ദൗത്യ സേനയാണ് കേരളാ സിവിൽ ഡിഫൻസ് ഫോഴ്സ്. യുവാക്കളും യുവതികളുമടങ്ങുന്ന പരിശീലനം ലഭിച്ച അംഗങ്ങളാണ് സംഘത്തിലുള്ളത്. തദ്ദേശവാസികൾക്ക് ദുരന്തനിവാരണ പരിശീലനം നൽകുകയും പ്രവർത്തനം സംസ്ഥാന തലത്തിൽ ഏകോപിപ്പിക്കുകയാണ് സിവിൽ ഡിഫൻസിന്റെ ലക്ഷ്യം. തെരഞ്ഞെടുത്തവർക്ക് പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രത്യേക പാഠ്യപദ്ധതികൾ തയ്യാറാക്കിയാണ് ക്ലാസ്സുകളും പ്രായോഗിക പരിശീലനവും നൽകിയത്. പ്രഥമ ശുശ്രൂഷ, ദുരന്തനിവാരണം, അപകട പ്രതികരണം, അഗ്‌നിബാധാ നിവാരണം, തിരച്ചിൽ രക്ഷാപ്രവർത്തനം, ജലരക്ഷ എന്നീ വിഷയങ്ങളിലായാണ് പ്രധാനമായും പരിശീലനം നൽകിയത്. കോവിഡ് കാലഘട്ടത്തിൽ സിവിൽ ഡിഫൻസ് സേനയുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. ലോക്ക് ഡൗണിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും കണ്ടെയിണ്മെന്റ് സോണുകളിലും അവശ്യ വസ്തുക്കളും മരുന്നുകളും ലഭ്യമാക്കുന്നതിനും സേവന സഹായങ്ങൾക്കും സിവിൽ ഡിഫൻസ് സേന പൂർണ്ണ സജ്ജമായിരുന്നു. കോവിഡ് പ്രതിരോധ വാക്സിൻ വിതരണ കേന്ദ്രങ്ങളിലും കൂട്ടിക്കലിലെ ഉരുൾപൊട്ടൽ മേഖലകളിലും സിവിൽ ഡിഫൻസ് സേന പ്രവർത്തനങ്ങളിൽ സർവ്വ സജ്ജമായിരുന്നു. ആഭ്യന്തര വകുപ്പ് 30-08-2019 ൽ പുറത്തിറക്കിയ 132/2019 നമ്പരായി സർക്കാർ ഉത്തരവ് പ്രകാരമാണ് കേരളത്തിൽസിവിൽ ഡിഫൻസ് രൂപീകൃതമായിരിക്കുന്നത്. കേരളാ ഫയര് & റെസ്ക്യു സര്വ്വീസസ് ഡയറക്ടര് ജനറൽ തന്നെയാണ് സിവിൽ ഡിഫൻസിന്റെയും മേധാവി. ജില്ലകളിൽ ജില്ലാ ഫയർ ഓഫീസറാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ലാതലത്തിലുള്ള സേനയുടെ പ്രവർത്തന നിയന്ത്രണം ജില്ലാ കളക്ടർമാർക്കായിരിക്കും. സംസ്ഥാനത്തെ എല്ലാ അഗ്നി രക്ഷാ നിലയങ്ങളിലും ഇവരുടെ സേവനം ലഭ്യമാണ്.
കോട്ടയം ജില്ലയിലെ സിവിൽ ഡിഫൻസ് സേനാംഗംങ്ങളുടെ രണ്ടാം ബാച്ച് പാസിങ് ഔട്ട് പരേഡ് നടന്നു.