കോട്ടയം ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ ഡിസംബർ 31നകം പൂർത്തിയാക്കും; ജില്ലാ കളക്ടർ.


കോട്ടയം: കോട്ടയം ജില്ലയിൽ ആകെ നൽകിയ കോവിഡ് പ്രതിരോധ വാക്‌സിൻ ഡോസുകളുടെ എണ്ണം 25 ലക്ഷം കവിഞ്ഞതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.  ഒന്നാം ഡോസ് സ്വീകരിച്ചവരുടെ എണ്ണം 14.9 ലക്ഷവും രണ്ടാം ഡോസ് സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷവും കടന്നു. ഡിസംബർ 31 നകം വാക്‌സിനേഷൻ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി വാക്‌സിൻ സ്വീകരിക്കാത്തവരുടെയും രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാനുള്ള കാലാവധി പിന്നിട്ടവരെയും  കണ്ടെത്താൻ വാർഡ് തലത്തിൽ ആശാ പ്രവർത്തകരെ ഉപയോഗിച്ച് പ്രത്യേക സർവേ നടത്തും.  ഇതര രോഗങ്ങളുള്ളവരിലും ഗർഭിണികളുടെയിടയിലും വാക്‌സിൻ സ്വീകരിക്കാത്തവരുടെ പട്ടിക വാർഡ് തലത്തിൽ പ്രത്യേകം തയാറാക്കും. നവംബർ 30 നകം നടപടി സ്വീകരിച്ച് വാക്‌സിനേഷൻ  ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു.