കോട്ടയം ജില്ലയിൽ കോവിഡ് വാക്‌സിനേഷന് പുതിയ ക്രമീകരണം.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ പി.കെ. ജയശ്രീ അറിയിച്ചു.  ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ എല്ലാ പ്രാഥമിക, കുടുംബ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും 18 വയസിനു മുകളിലുള്ളവർക്ക്‌ വാക്‌സിനേഷന് സൗകര്യമുണ്ടാകും. മുട്ടമ്പലം സെന്റ് ലാസറസ് പള്ളി ഹാളിലും പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ജനറൽ ആശുപത്രികളിലും വൈക്കം താലൂക്ക് ആശുപത്രിയിലും ഞായറാഴ്ച്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വാക്‌സിനേഷൻ സൗകര്യം ഉണ്ടാകും. കോവിഷീൽഡ്‌ ഒന്നാം ഡോസ് എടുത്ത് 12  ആഴ്ച്ചയും കോവാക്സിൻ എടുത്ത്  4 ആഴ്ച്ചയും കഴിയുന്ന മുറയ്ക്ക് രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. വിവിധ തരം അലർജികൾ ഉള്ളവർക്ക് വാക്‌സിനേഷന്  ജനറൽ, താലൂക്ക് ആശുപത്രികളിൽ ഞായറാഴ്ച്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പ്രത്യേക സൗകര്യം ഉണ്ടാകും.