ദീപാവലി ആഘോഷം: പടക്കങ്ങൾ പൊട്ടിക്കാൻ 2 മണിക്കൂർ മാത്രം അനുമതി, ആഘോഷത്തിന് ഹരിത പടക്കങ്ങൾ മാത്രം.

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാരും മലിനീകരണ നിയന്ത്രണ ബോർഡും ഉത്തരവിറക്കി.

ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് 2 മണിക്കൂർ മാത്രമാണ് അനുമതി. രാത്രി 8 മണി മുതൽ 10 മണി വരെ മാത്രമാണ് പടക്കങ്ങൾ പൊട്ടിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. അതേസമയം ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രം ഉപയോഗിക്കാനാണ് അനുമതി. ഇത് സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിറക്കി. രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ ഹരിത പടക്കങ്ങൾ(ഗ്രീൻ ക്രാക്കേഴ്‌സ്) മാത്രമാണ് ഉപയോഗിക്കാൻ അനുമതി. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. രാത്രി 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് സമയക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.