ഇളംകാട്ടിൽ ഉരുൾപൊട്ടൽ: അഗ്നിരക്ഷാ സേനയും പോലീസും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.


മുണ്ടക്കയം: കനത്ത മഴയിൽ കൂട്ടിക്കൽ പഞ്ചായത്തിൽ വീണ്ടും ഉരുൾപൊട്ടി. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് മേഖലയിലാണ് ഉരുൾപൊട്ടിയത്. കൂട്ടിക്കൽ പഞ്ചായത്തിലെ മൂപ്പൻ മല, മ്ലാക്കര, മേഖലകളിലാണ് ഉരുൾപൊട്ടിയത്. മടുക്കക്കുഴി ജംഗ്ഷനിൽ താൽക്കാലികമായി പണിത പാലം ഒഴുകിപോയതായാണ് വിവരം. കനത്ത മഴയിലും വെള്ളപ്പാച്ചിലിലും മേഖലയിലെ നിരവധി വീടുകൾ ഒറ്റപ്പെട്ടിട്ടുണ്ട്. ഇതോടെ പുല്ലകയാറ്റിൽ ജലനിരപ്പ് ഉയർന്നു. കൂട്ടിക്കൽ മേഖലയിൽ ജനങ്ങൾ ജാഗ്രതയിലാണ്. സംഭവസ്ഥലത്തേക്ക് കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയും മുണ്ടക്കയത്തു നിന്നും പോലീസും പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉരുൾപൊട്ടിയത് ജനവാസം കുറഞ്ഞ മേഖലയിലായതിനാലാണ് കാര്യമായ നാശനഷ്ടമുണ്ടാകാതിരുന്നത്. പുല്ലകയാറ്റിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. മണിമലയാറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അതേസമയം ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ ഖാൻ നാളെ കൂട്ടിക്കൽ, കൊക്കയാർ മേഖലകളിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കാനിരിക്കുകയായിരുന്നു. മ്ലാക്കരയിൽ നിന്നും 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. മൂന്ന് ഉരുൾപൊട്ടലുകൾ ഉണ്ടായി എന്നാണ് പ്രാഥമിക വിവരം. മ്ലാക്കര, മൂപ്പൻ മല പ്രദേശങ്ങളിൽ  നാൽപതോളം നീർച്ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. പുല്ലകയാറ്റിൽ ജലനിരപ്പ് ഉയരുകയും ചെയ്തു. എങ്കിലും അപകടകരമായ സാഹചര്യമില്ല. മ്ലാക്കരയിൽ കുറെയേറെ ആളുകൾ ഒറ്റപെട്ടിട്ടുണ്ട്ഇവരെ രക്ഷപ്പെടുത്തുന്നതിനായി ദുരന്തനിവാരണ സേനയേയും അഗ്നിരക്ഷാ സേനയേയും ക്രമീകരിച്ചിട്ടുണ്ട് എന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.