സർക്കാർ സംവിധാനത്തിൽ ഏന്തയാറിൽ സുരക്ഷിതമായ താൽക്കാലിക നടപ്പാലം അടിയന്തരമായി നിർമ്മിക്കണം; ഷോൺ ജോർജ്.


മുണ്ടക്കയം: സർക്കാർ സംവിധാനത്തിൽ ഏന്തയാറിൽ സുരക്ഷിതമായ താൽക്കാലിക നടപ്പാലം അടിയന്തരമായി നിർമ്മിക്കണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഇടുക്കി,കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലത്തിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസം ഉണ്ടായ പ്രളയത്തിൽ ഒലിച്ചു പോയിരുന്നു. ഗതാഗത യോഗ്യമല്ലാതായി തീർന്ന പാലത്തിൽ നിലവിൽ തടി ഉപയോഗിച്ച് നിർമ്മിച്ച താൽക്കാലിക നടപ്പാത വഴിയാണ് ജനങ്ങൾ  മറുകര കടക്കുന്നത്. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത ഈ താൽക്കാലിക സംവിധാനത്തിലൂടെ സ്കൂൾ തുറന്നതോടെ നിരവധി വിദ്യാർത്ഥികളും സഞ്ചരിക്കുന്നത് അപകടഭീതിയോടെയാണ് എന്ന് അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങൾക്കായി മുണ്ടക്കയം പോലുള്ള സമീപ പട്ടണങ്ങളിലേക്ക് എത്തുന്നതിനും നിരവധി ആളുകളാണ് ഈ തത്ക്കാലിക പാലത്തെ ആശ്രയിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു ഒരു നടപ്പാലം നിർമ്മിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട് എന്നും ഷോൺ ജോർജ് പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി ഇടപെടാത്തത്തിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ജനകീയ പാലം നിർമ്മിക്കുവാൻ പ്രദേശവാസികൾ പിരിവ് ആരംഭിച്ചിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ആർമി എൻജിനീയറിങ്ങ് വിങ്ങിനോട് ആവശ്യപ്പെട്ടാൽ ഒരു ദിവസം കൊണ്ട് ആളുകൾക്ക് കടന്നുപോകാനുള്ള നടപ്പാലം നിർമ്മിക്കാൻ കഴിയും. സർവ്വതും നഷ്ടമായിരിക്കുന്ന നാട്ടുകാരോട് പിരിവെടുത്ത് പാലം നിർമ്മിക്കാനുള്ള നടപടിയിൽ നിന്ന് പിന്മാറി സർക്കാർ സംവിധാനത്തിൽ സുരക്ഷിതമായ താൽക്കാലിക നടപ്പാലം അടിയന്തരമായി നിർമ്മിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അഡ്വ. ഷോൺ ജോർജ് പറഞ്ഞു.