കനത്ത മഴയിൽ കല്ലും മണ്ണും ഉൾപ്പടെ വെള്ളം പാഞ്ഞെത്തി, ദുരന്ത ഭീതി വിട്ടുമാറാതെ എരുമേലിയുടെ കിഴക്കൻ മേഖലയിലെ ജനങ്ങൾ, കണമലയിൽ രക്ഷപ്രവർത്തനം തുടരുന്നു.


എരുമേലി: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിന്റെയും ഉരുളപൊട്ടലിന്റെയും ഭീതി വിട്ടുമാറാതെ കോട്ടയം ജില്ലയിലെ എരുമേലിയുടെ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾ. ഇന്നലെ രാത്രി ആരംഭിച്ച കനത്ത മഴയെ തുടർന്നാണ് ഇന്നലെ അർദ്ധരാത്രിയോടെ ഉരുൾപൊട്ടലുണ്ടായത്. മലവെള്ള പാച്ചിലിൽ 2 വീടുകൾ തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. രാത്രി സമയമായിരുന്നതിനാലും ചെളി അടിഞ്ഞു കൂടിയതും രക്ഷപ്രവർത്തനത്തെ ബാധിച്ചിരുന്നു. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. വീടിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. പനംതോട്ടത്തിൽ ജോസിന്റെ വീടിന്റെ മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോയും സ്‌കൂട്ടറും ഒഴുക്കിൽപ്പെട്ടു. രാത്രി രണ്ടരയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മേഖലയിൽ നിന്നും പത്തോളം കുടുംബംങ്ങളെ മാറ്റിപ്പാർപ്പിച്ചു. കണമല ബൈപ്പാസ് റോഡിന്റെ ഒരു ഭാഗം തകർന്നു. ദിവസങ്ങൾക്കു മുൻപാണ് കിഴക്കൻ മലയോര മേഖലയായ എയ്ഞ്ചൽ വാലിയിൽ ഉരുൾപൊട്ടൽ ഉണ്ടായത്.