അതിശക്തമായ മഴ: കോട്ടയം ജില്ലയിലെ 30 സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം, മണിമലയാറ്റിലും പുല്ലകയാറിലും ജലനിരപ്പ് ഉയരുന്നു.


കോട്ടയം: ഇന്നലെ രാവിലെ മുതൽ ആരംഭിച്ച അതിശക്തമായ മഴ കോട്ടയം ജില്ലയിൽ ശമിക്കാതെ തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഉൾപ്പടെ ശക്തമായ മഴയാണ് ഇപ്പോഴും തുടരുന്നത്. തോടുകളിലും ആറുകളിലും ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. മണിമലയാറ്റിലും പുല്ലകയാറിലും ജലനിരപ്പ് ഉയർന്നു. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ മഴ ശക്തമാണ്. ഇളംകാട് എന്തയാർ മേഖലകളിൽ മഴ ശക്തമായതിനെ തുടർന്നു കൂട്ടിക്കലിലിൽ പുല്ലകയാറിൽ ജലനിരപ്പ് ഉയർന്നു. അതിശക്തമായ മഴയിൽ കോട്ടയം ജില്ലയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിനും സാധ്യതയുള്ള 30 സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.



കോട്ടയം ജില്ലയിലെ മേലുകാവ്,മൂന്നിലവ്, തലനാട്,തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ  പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലും അതുപോലെ തന്നെ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്ന ആളുകൾ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും ഇത്തരം സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് കൃത്യമായ നിർദ്ദേശം സംസ്ഥാന സർക്കാർ തഹസീൽദാർമാർക്ക് നൽകിയിട്ടുമുണ്ട്. മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്നത് ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നുണ്ട്.