അതിതീവ്ര മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട്, സംസ്ഥാനത്ത് ചൊവ്വാഴച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത.


കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ നാളെ കേന്ദ്ര കാലവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം ഉൾപ്പടെ 7 ജില്ലകളിലാണ് കേന്ദ്ര കാലവസ്ഥാ വകുപ്പ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചു. റെഡ് അലെർട്ടിനു സമാനമായ ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശവും രാത്രി യാത്ര ഒഴിവാക്കണമെന്നും കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിൽ തെക്കു ആൻഡമാൻ  കടലിൽ തായ്‌ലൻഡ് തീരത്തിനോട് ചേർന്ന് ഇന്ന് പുതിയ ന്യുന മർദ്ദം രൂപപ്പെട്ടു. ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു നവംബർ 15 ഓടെ വടക്കു ആൻഡമാൻ കടലിലും തെക്കു-കിഴക്കു ബംഗാൾ ഉൾക്കടലിലുമായി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു  നവംബർ 18 ഓടെ ആന്ധ്രാ തീരത്തു പ്രവേശിക്കാൻ സാധ്യത. വടക്കൻ തമിഴ് നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നു. ഇതിന്റെ സ്വാധീനത്താൽ തെക്കൻ കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യതയുണ്ട്.