കോട്ടയം ജില്ലയിൽ കനത്ത മഴ: കളക്ടറേറ്റിലും താലൂക്ക് കേന്ദ്രങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നു.


കോട്ടയം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നവംബർ 15 വരെ കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചു. അതി തീവ്രമഴയ്ക്ക് സാധ്യത പ്രവചിക്കുന്നതിനാൽ മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലടക്കം റെഡ് അലേർട്ടിന് സമാനമായ മുന്നൊരുക്കം നടത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മണ്ണിടിച്ചിൽ, പ്രളയ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ തഹസിൽദാർമാർക്ക് നേരത്തേ തന്നെ നിർദ്ദേശം നൽകിയിരുന്നു. താലൂക്കുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുമെന്നും അവധി ദിവസങ്ങളിലും സജ്ജരായിരിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നും ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന്  കോട്ടയം ജില്ലയിൽ ഓറഞ്ച് അലേർട്ടും ശക്തമായ മഴ സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം എന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. 

കോട്ടയം ജില്ലയിലെ കൺട്രോൾ റൂം നമ്പരുകൾ:

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017. 

താലൂക്ക് കൺട്രോൾ റൂമുകൾ:

മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037,

കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331,

വൈക്കം-04829 231331.