ഓമനയ്ക്കും മക്കൾക്കും റിസ്‌ക്ക് ഫണ്ടിന്റെ കരുതൽ, മാത്യുവിന് ആശ്വാസമായി ചികിത്സാസഹായം.


കോട്ടയം: കാത്തിരിപ്പിനൊടുവിൽ ചികിത്സാ ധനസഹായം കൈയിൽ എത്തിയപ്പോൾ അതിരമ്പുഴ ആലഞ്ചേരി മാത്യു തോമസിന്റെ മുഖത്ത് സന്തോഷത്തിന്റെ തിളക്കം.

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് നടത്തിയ അദാലത്തിലാണ് അറുപതുകാരനായ മാത്യുവിന് ചികിത്സാ ധനസഹായം ലഭ്യമാക്കിയത്.

രണ്ടു വർഷം മുമ്പാണ് മാത്യു തോമസിന് തൊണ്ടയിൽ അർബുദം കണ്ടെത്തിയത്. വീടുകൾക്ക് പ്ലാൻ വരച്ചു നൽകുന്നതാണ് ഏക വരുമാനം.

തുടർ ചികിത്സയ്ക്കായി വൻ തുക ചെലവഴിക്കേണ്ടി വരുന്നതിൽ സാമ്പത്തികമായി തളർന്നിരിക്കുകയാണ് ഇദ്ദേഹത്തിന്റെ കുടുംബം. മക്കളുടെ പഠനാവശ്യങ്ങൾക്കായി സഹകരണ ബാങ്കിൽ നിന്നും 20 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. രോഗം ബാധിച്ചതോടെ തിരിച്ചടയ്ക്കാൻ കഴിയാതെയായി. ചികിത്സാ ധനസഹായമായി അനുവദിച്ച 75,000 രൂപ സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മാത്യുവിന് കൈമാറി.

കൂലിപ്പണിയെടുത്ത് വായ്പയടച്ച് തീർക്കാം എന്നതായിരുന്നു ഏറ്റുമാനൂർ സഹകരണ ബാങ്കിൽ നിന്നും വീടുപണിക്കായി വായ്പയെടുത്തപ്പോൾ ഏറ്റുമാനൂർ നഗരസഭ 26-ാം വാർഡ് നേതാജി നഗറിലെ താമസക്കാരനായിരുന്ന പി.വി. വിജയകുമാറിന്റെ പ്രതീക്ഷ. എന്നാൽ

രണ്ടു വർഷം മുൻപ് അർബുദ രോഗം മൂലം 56-ാം വയസിൽ അദ്ദേഹത്തിന് മരണത്തിന് കീഴടങ്ങേണ്ടി വന്നു. അതോടെ വായ്പയടച്ച് തീർക്കേണ്ട ചുമതല ഭാര്യ ഓമനയ്ക്കും മക്കൾക്കുമായി. അഞ്ചു ലക്ഷം രൂപയാണ് വായ്പയായി ബാങ്കിൽ നിന്നും എടുത്തിരുന്നത്.

മക്കൾ പണിയെടുത്തു കിട്ടുന്നതിൽ നിന്നും മിച്ചം പിടിച്ചൊരു തുക കൃത്യമായി ബാങ്കിൽ തിരിച്ചടച്ച് കൊണ്ടിരുന്നതാണ്. ഒരു വർഷം മുൻപ് പക്ഷാഘാതം വന്ന് ഓമന കിടപ്പിലായി. ദീർഘനാളത്തെ ചികിത്സയ്ക്കു ശേഷമാണ് എഴുന്നേറ്റ് നടക്കാനായത്.

ഭർത്താവിന്റെ അകാലത്തിലെ വേർപാടും രോഗ ദുരിതങ്ങളും നൽകിയ തകർച്ചയിൽ സർക്കാരിന്റെ കൈത്താങ്ങ് പ്രതീക്ഷിച്ച് അയൽക്കാരിയുടെ സഹായത്തോടെയാണ് അദാലത്തിനെത്തിയത്. ഏറ്റുമാനൂർ വ്യാപാര ഭവനിൽ നടന്ന കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ അദാലത്തിൽ 75,347 രൂപയാണ് ഓമനക്ക് റിസ്‌ക്ക് ഫണ്ടായി ലഭിച്ചത്.

വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ശേഷം മരണപ്പെടുകയോ മാറാ രോഗങ്ങൾ പിടിപെടുകയോ ചെയ്തവർക്ക് നൽകുന്ന റിസ്‌ക്ക് ഫണ്ട് ധനസഹായത്തുക വർധിപ്പിക്കും. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് ഏറ്റുമാനൂർ വ്യാപാരഭവനിൽ നടത്തിയ ഫയൽ തീർപ്പാക്കൽ അദാലത്തിന്റെയും  റിസ്ക്ക് ഫണ്ട് ധനസഹായത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനംസഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാവാതെ സഹകാരികൾക്ക് സമയബന്ധിതമായി റിസ്‌ക്ക് ഫണ്ട് വിതരണം നടത്താനാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 75,552 അപേക്ഷകളിലായി 547 കോടി രൂപ റിസ്‌ക്ക് ഫണ്ട് ധനസഹായമായി വിതരണം ചെയ്തു. കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, മീനച്ചിൽ, വൈക്കം താലൂക്കുകളിൽ നിന്നുള്ള 262 ഫയലുകളാണ് അദാലത്തിൽ തീർപ്പാക്കിയത്. 2.61 കോടി (2,61,89,495 ) രൂപയാണ് റിസ്‌ക്ക് ഫണ്ട് ധനസഹായമായി ചടങ്ങിൽ കൈമാറിയത്. മുൻ എം.എൽ .എയും കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനുമായ സി.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയായിരുന്നു. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ജോയിന്റ് രജിസ്ട്രാർ പി. ഷാജി, വ്യാപാരി വ്യവസായ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴിക്കുളം, ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വർക്കി ജോയി, ജോയിന്റ് രജിസ്ട്രാർ (ജനറൽ ) എൻ. അജിത് കുമാർ, ജോയിന്റ് ഡയറക്ടർ (ഓഡിറ്റ് ) എസ് ജയശ്രീ, അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) രാജീവ് എം. ജോൺ, അസിസ്റ്റന്റ് ഡയറക്ടർ (ഓഡിറ്റ് ഇൻ ചാർജ്ജ്) പി.കെ. ബിന്ദു, ബോർഡ് മാനേജർ എസ്. മധുസൂദനൻ എന്നിവർ പങ്കെടുത്തു.