ഉരുൾപൊട്ടൽ: ഇളംകാട് മ്ലാക്കരയിൽ 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, സ്ഥലത്ത് ദുരന്തനിവാരണ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.


മുണ്ടക്കയം: മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് മ്ലാക്കരയിലുണ്ടായ ഉരുൾപൊട്ടലിൽ പ്രദേശത്ത് കുടുങ്ങിയ 20 കുടുംബങ്ങളെ ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് മാറ്റിപ്പാർപ്പിച്ചു. മ്ലാക്കര മൂപ്പൻ മലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ജനവാസമില്ലാത്ത മേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇതിനാൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. കനത്ത മഴയാണ് ഇന്നലെ ഉച്ചക്കു ശേഷം മുതൽ ഇളംകാട് മേഖലയിൽ പെയ്തത്. ഉരുൾപൊട്ടിയതോടെ വെള്ളം ശക്തമായി ഒഴുകിയെത്തിയതോടെ പുല്ലകയാറ്റിൽ ജലനിരപ്പ് ഉയർന്നെങ്കിലും അപകടവസ്ഥയിലായിരുന്നില്ല. ശക്തമായ വെള്ളമൊഴുക്കിൽ മ്ലാക്കര ചപ്പാത്ത് പാലം അപകടവസ്ഥയിലായിരിക്കുകയാണ്. സ്ഥലത്ത് ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്.