അവഗണനയ്ക്ക് നടുവിൽ മണിമല പഞ്ചായത്ത്‌ സ്റ്റേഡിയം, കായിക മേഖലയോടുള്ള അവഗണന മൂലമെന്ന് നാട്ടുകാർ.


മണിമല: അധികാരികളുടെ അവഗണനയ്ക്ക് നടുവിൽ കാടുകയറി ചെളിയിൽ പുതഞ്ഞു മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയാണ് മണിമല പഞ്ചായത്ത്‌ സ്റ്റേഡിയം. മണിമലയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മേഖലയിലേ വലിയ സ്റ്റേഡിയമാണ് അവഗണനയിൽ പുതഞ്ഞു കിടക്കുന്നത്. കൃത്യമായി സംരക്ഷിക്കാതെ വന്നതോടെ കാടുകയറി നശിക്കുകയാണ് പഞ്ചായത്ത്‌ സ്റ്റേഡിയം. ആഴ്ചകൾക്ക് മുൻപുണ്ടായ പ്രളയത്തിൽ മണിമലയാറ്റിൽ നിന്നും വെള്ളം കയറിയതിനെ തുടർന്ന് ചെളി അടിഞ്ഞു കൂടിയിരിക്കുകയാണ്. കാടുകൾ വളർന്നു പൊന്തിയതോടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ സ്റ്റേഡിയം. കായിക മേഖലയോടുള്ള അവഗണന മൂലമാണ് മണിമല പഞ്ചായത്ത് സ്റ്റേഡിയം ആധുനിക രീതിയിൽ പുനരുദ്ധാരണം നടത്താത്തതെന്നു കായിക പ്രേമികളും നാട്ടുകാരും ആരോപിക്കുന്നു. മണിമല, വെള്ളാവൂർ ഗ്രാമപഞ്ചായത്ത് മേഖലയിലെ ഏറ്റവും വിശാലമായ സ്റ്റേഡിയമാണ് മണിമല മാർക്കറ്റ് ജംങ്ഷനിലേത്. സ്റ്റേഡിയം ആധുനിക രീതിയിൽ പുനരുദ്ധാരണം നടത്തിയാൽ മേഖലയിലെ കായിക വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പരിശീലനത്തിനായി മറ്റൊരിടം അന്വേഷിക്കേണ്ട അവസ്ഥയുണ്ടാകില്ല. നിലവിൽ ഇവർ മറ്റു പ്രദേശങ്ങളിലുള്ള സ്ഥലങ്ങളിൽ പണം നൽകിയാണ് പരിശീലനം നടത്തുന്നത്. ദിവസേനയുള്ള യാത്രാ ചെലവും പരിശീലനത്തിനുള്ള തുകയും ഇവർക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. സംസ്ഥാന സ്‌കൂള്‍ ടീമിലും, ജില്ലാ ക്രിക്കറ്റ് ടീമിലുമൊക്കെയിടം നേടിയ കുട്ടികള്‍ വരെ ഇതോടെ പരിശീലനത്തിന് സൗകര്യമില്ലാതെ ദുരിതത്തിലാണ്. മണിമലയിലെ പഞ്ചായത്ത് സ്റ്റേഡിയം ആധുനിക രീതിയില്‍ നിര്‍മിക്കാനുള്ള ഫണ്ട് അനുവദിക്കാന്‍ എംഎല്‍എയും എംപിയും തയാറാകണമെന്നാണ് കായികപ്രേമികളുടെ ആവശ്യം.