‘നിഴലായി മാത്രമായി, അരികത്ത് കൂട്ടിരുന്ന, ചിരകാല സ്വപ്‌നമേ വിട വാങ്ങിയോ', കോട്ടയത്ത് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ യുവാവിന്റെ സംസ്കാരം ഇന്ന്.


പള്ളിക്കത്തോട്: ‘നിഴലായി മാത്രമായി, അരികത്ത് കൂട്ടിരുന്ന, ചിരകാല സ്വപ്‌നമേ വിട വാങ്ങിയോ', കോട്ടയം മുട്ടമ്പലത്ത് ഇന്നലെ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഹരികൃഷ്ണൻ കഥയെഴുതിയ ഷോർട് ഫിലിമിലെ വരികളാണ് ഇത്. യാത്രകളെയും വാഹനങ്ങളെയും ജീവനായി സ്നേഹിച്ച പള്ളിക്കത്തോട്  ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ  ഹരികൃഷ്ണൻ പത്മനാഭൻ (37) ആണ് ഇന്നലെ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. ഇന്നലെ രാവിലെ ജോലി സ്ഥലത്തേക്ക് പോകുംവഴി മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപത്തു വെച്ചു കാർ നിർത്തിയ ശേഷം ഫോണിൽ സംസാരിച്ചു റെയിൽവേ ട്രാക്കിലേക്ക് നടന്നു കയറുകയായിരുന്നു. ട്രെയിൻ എത്തിയപ്പോൾ മുന്നിലേക്ക് ചാടുകയായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂം ജനറൽ മാനേജരായിരുന്നു ഹരികൃഷ്ണൻ. നേഴ്സിങ് ആയിരുന്നു പഠന മേഖലയെങ്കിലും വാഹനങ്ങളോടുള്ള ഇഷ്ടമാണ് ഈ മേഖലയിൽ എത്തിച്ചത്. കോവിഡ് കാലത്ത് ലോക്ക് ഡൌൺ സമയത്ത് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ സേവനം ചെയ്തിരുന്നു. റിട്ട.കൃഷി ഓഫീസർ എം ജെ പത്മനാഭൻ നായരുടെയും എസ് രാധാമണിയുടെയും മകനാണ് ഹരികൃഷ്ണൻ. സൗത്ത് ഇന്ത്യൻ ബാങ്ക് അയർക്കുന്നം ബ്രാഞ്ചിലെ ജീവനക്കാരിയായ വി ലക്ഷ്മി വർമ്മയാണ് ഭാര്യ, മക്കൾ-ആഗ്രജ, ആർദ്രവ്. സംസ്കാരം ഇന്ന് മൂന്നിന് നടക്കും. ചിരിക്കുന്ന മുഖത്തോടെ സൗമ്യനായ സുഹൃത്തിന്റെ വിയോഗം നാടിനെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.