ഇന്ന് വൃശ്ചികം ഒന്ന്, മണ്ഡല കാലത്തിനു ആരംഭം, ഇനി ശരണമന്ത്ര നാളുകൾ.


സന്നിധാനം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൃശ്ചിക പുലരിയിൽ ദർശനത്തിനായി ഭക്തർ എത്തിത്തുടങ്ങി. ഇന്ന് രാവിലെ 4 മണി മുതൽ ഭക്തരെ കടത്തിവിടാൻ ആരംഭിച്ചു. പമ്പയിൽ നിന്നും സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് ഭക്തരെ കടത്തിവിടുന്നത്. കനത്ത മഴയുടെ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നതിനാൽ പമ്പയിൽ സ്നാനത്തിനു അനുമതിയില്ല. വരുന്ന 3 ദിവസത്തേക്ക് സ്പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മേൽശാന്തി വി.കെ. ജയരാജ് പോറ്റി, തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ നടതുറന്ന് ദീപം തെളിയിച്ചു. പ്രതിദിനം 30000 പേർക്കണ് ദർശനത്തിനു അനുമതി നൽകിയിരിക്കുന്നത്. കനത്ത മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ തീർത്ഥാടനം ഒഴിവാക്കുന്നവർക്ക് 18 നു ശേഷം അതെ ബുക്കിങ്ങിൽ ദർശനത്തിന് അനുമതി നൽകും.