ദേശീയ ദുരന്തനിവാരണ സേന ശബരിമലയില്‍ സേവനം തുടങ്ങി


ദേശീയ ദുരന്തനിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) സംഘം ശബരിമലയില്‍ സേവനം തുടങ്ങി. തമിഴ്നാട് ആരക്കോണം നാലാം ബറ്റാലിയന്‍ ടീമാണ് സന്നിധാനത്തും പമ്പയിലും സേവനമനുഷ്ഠിക്കുന്നത്. സീനിയര്‍ കമാന്‍ഡന്റ് രേഖ നമ്പ്യാരുടെ നിര്‍ദേശപ്രകാരം 60 പേരെയാണ് ശബരിമലയിലേക്ക് നിയോഗിച്ചിട്ടുള്ളത്. പമ്പയില്‍ 30 ഉം സന്നിധാനത്ത് 30 ഉം പേരാണ് സേവനമനുഷ്ഠിക്കുന്നത്. പമ്പയില്‍ എസ്‌ഐ അരവിന്ദ് ഗാനിയലും എസ്‌ഐ സുരേഷ് കുമാറും, സന്നിധാനത്ത്  ഇന്‍സ്പെക്ടര്‍ ജെ.കെ. മണ്ഡലും എസ്‌ഐമാരായ കെ.കെ. അശോക് കുമാറും ഗോപി കൃഷ്ണനുമാണ് സേനയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലം പൂര്‍ത്തിയാകും വരെ എന്‍ഡിആര്‍എഫിന്റെ സേവനമുണ്ടാകും. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും എന്‍ഡിആര്‍എഫ് ശബരിമലയില്‍ എത്തിച്ചിട്ടുണ്ട്. ഐആര്‍ ബോട്ട്, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, ആര്‍ആര്‍ സോ, ആര്‍പി സോ, ചെയ്ന്‍ സോ എന്നിവയും സ്‌ട്രെച്ചര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സന്നിധാനത്തും പമ്പയിലും ഒരുക്കിയിട്ടുണ്ട്. പമ്പയിലുള്ള സംഘത്തിന്റെ സേവനം നിലയ്ക്കലും ലഭ്യമാണ്.