കോട്ടയം: ശബരിമല തീർത്ഥാടകർ കൂടുതലായി എത്തുന്ന കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കം വിലയിരുത്താനായി കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഭക്ഷ്യ-പൊതുവിതരണ-ലീഗൽ മെട്രോളജി-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. രണ്ടു ജില്ലകളിലും സ്ഥലം കണ്ടെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാൻ വകുപ്പുകൾക്ക് മന്ത്രി നിർദേശം നൽകി. പെരുനാട്, പന്തളം എന്നിവിടങ്ങളിൽ സുഭിക്ഷ ഹോട്ടൽ ആരംഭിക്കാൻ തീരുമാനിച്ചു. ശബരിമല തീർത്ഥാടവുമായി ബന്ധപ്പെട്ട് ഭക്ഷണസാധനങ്ങളുടെ വില അവശ്യസാധന നിയമപ്രകാരം ഏകീകൃത നിരക്കിൽ നിശ്ചയിച്ചിട്ടുണ്ട്. ഹോട്ടൽ ഉടമകളുമായി ചർച്ച ചെയ്താണ് നിരക്ക് നിശ്ചയിച്ചത്. ഭക്ഷണസാധനങ്ങളുടെ വില വിവര പട്ടിക എല്ലാ ഹോട്ടലുകളിലും കടകളിലും വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കണം. ഗുണനിലവാരവും അളവും തൂക്കവും വിലയും ശുചിത്വവും പരിശോധിക്കുന്നതിന് സ്ക്വാഡുകളെ നിയോഗിച്ചു. പെട്രോൾ പമ്പുകളിലടക്കം പരിശോധനകൾ നടത്തും. അളവുതൂക്ക ഉപകരണങ്ങളിൽ കൃത്രിമം കാണിച്ചാൽ കർശന നടപടി സ്വീകരിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ താലൂക്ക്, ജില്ലാ ഓഫീസുകളിൽ പരാതികൾ പരിഹരിക്കുന്നതിന് കൺട്രോൾ റൂമുകൾ തുറക്കും. പമ്പ, എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ ഭക്ഷണപരിശോധന ലാബുകൾ പ്രവർത്തിക്കും. സന്നിധാനത്തും പമ്പയിലും ഭക്ഷണപരിശോധന ലാബ് പ്രവർത്തിക്കും. നിലയ്ക്കൽ, എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും ഇടത്താവളങ്ങളിലും ഭക്ഷ്യ-പൊതുവിതരണ-ലീഗൽ മെട്രോളജി-ഭക്ഷ്യ സുരക്ഷാ വകുപ്പുകൾ പരിശോധന സ്ക്വാഡുകളെ നിയോഗിക്കും. തീർത്ഥാടകർക്ക് നിശ്ചയിച്ച നിരക്കിൽ ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നും വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. തീർത്ഥാടകർക്ക് ന്യായമായ വിലയിൽ സുരക്ഷിതമായ ഭക്ഷണം കൃത്യമായ അളവിൽ ലഭ്യമാക്കാൻ വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ. പറഞ്ഞു. ജില്ലാ കളക്ടർമാരായ ഡോ. പി.കെ. ജയശ്രീ, ഡോ. ദിവ്യ എസ്. അയ്യർ, ലീഗൽ മെട്രോളജി കൺട്രോളർ കെ.റ്റി. വർഗീസ് പണിക്കർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമാരായ ജിനു പുന്നൂസ്, ഷൈജു പി. ജേക്കബ്, ജില്ലാ സപ്ലൈ ഓഫീസർമാരായ ജലജ ജി.എസ്. റാണി, സി.വി. മോഹൻ കുമാർ, എ.കെ. സതീഷ് കുമാർ, ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ ഉണ്ണിക്കൃഷ്ണൻ നായർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ എം. സഫിയ, ഇ.പി. അനിൽകുമാർ, താലൂക്ക് സപ്ലൈ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
നിലവിലുള്ള ഭക്ഷണസാധനങ്ങളുടെ നിരക്കിനു പുറമേ പുതുതായി നിശ്ചയിച്ച നിരക്കുകൾ:
ചായ(മെഷീൻ 90 മില്ലീ ലിറ്റർ) 9 രൂപ (സന്നിധാനം) 8 രൂപ (പമ്പ) 8 രൂപ (പമ്പയ്ക്കു വെളിയിൽ)
കോഫി (മെഷീൻ 90 മില്ലീ ലിറ്റർ) 10 രൂപ (സന്നിധാനം) 9 രൂപ (പമ്പ) 9 രൂപ (പമ്പയ്ക്കു വെളിയിൽ)
മസാല ചായ (മെഷീൻ 90 മില്ലീ ലിറ്റർ) 17 രൂപ (സന്നിധാനം) 16 രൂപ (പമ്പ) 15 രൂപ (പമ്പയ്ക്കു വെളിയിൽ)
ലെമൺ ചായ(മെഷീൻ 90 മില്ലീ ലിറ്റർ) 17 രൂപ (സന്നിധാനം) 16 രൂപ (പമ്പ) 15 രൂപ (പമ്പയ്ക്കു വെളിയിൽ)
ഫ്ളേവേർഡ് ഐസ് ചായ(മെഷീൻ 200 എം.എൽ.) 22 രൂപ (സന്നിധാനം) 21 രൂപ (പമ്പ) 20 രൂപ (പമ്പയ്ക്കു വെളിയിൽ)