കോട്ടയത്ത് ട്യൂഷൻ പഠിക്കാൻ പോയ 7 വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു.


കോട്ടയം: കോട്ടയത്ത് ട്യൂഷൻ പഠിക്കാൻ പോയ 7 വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു. കോട്ടയം തിരുവാർപ്പ് മാലത്തുശേരി മാലേച്ചിറയിൽ സുധീർ-ഭീമ ദമ്പതികളുടെ മകൻ സജാദ്(7) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്. വീട്ടിൽ നിന്നും ട്യൂഷൻ പഠിക്കുന്നതിനായി പോയ സജാദ് തടി പാലം കടക്കുന്നതിനിടെ താഴെ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു. സംഭവം കണ്ടു നാട്ടുകാർ ഓടിയെത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് നടക്കും.