മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം.


പാലാ രൂപതയുടെ കീഴിൽ ചേർപ്പുങ്കലിൽ പ്രവർത്തിക്കുന്ന ടെർഷ്യറി കെയർ ഹോസ്പിറ്റൽ ആയ മാർ സ്ലീവാ മെഡിസിറ്റിയിലെ അത്യാധുനിക സ്ട്രോക്ക് ചികിത്സാ കേന്ദ്രവും സ്ട്രോക്ക് ഹെൽപ്പ്ലൈൻ നമ്പറും ജില്ലാ കളക്ടർ ഡോ. പി .കെ ജയശ്രീ IAS ഉദ്ഘാടനം ചെയ്തു. സ്ട്രോക്ക് അഥവാ പക്ഷാഘാതം ഉണ്ടാകുന്ന അവസരത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ചികിത്സ ഉറപ്പാക്കുക എന്നതാണ് പ്രധാനം എന്നും രോഗികൾക്ക് കൃത്യമായ ചികിത്സ നൽകുന്ന സ്ട്രോക്ക് പ്രോട്ടോകോൾ ഉൾപ്പെടെ അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ എല്ലാ  സജ്ജീകരണങ്ങളോടും കൂടിയ സമ്പൂർണ്ണ സ്ട്രോക്ക് സെന്റർ ആരംഭിച്ചിരിക്കുന്നത്  എന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു. കുറഞ്ഞ കാലയളവിൽ തന്നെ പൊതുജനങ്ങളുടെ നന്മക്കായി മാർ സ്ലീവാ മെഡിസിറ്റി ഒട്ടനവധി പദ്ധതികൾ നടപ്പാക്കിയത് പ്രശംസനീയം ആണെന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടർ ഡോ. പി .കെ ജയശ്രീ IAS പറഞ്ഞു. പ്രകൃതി ക്ഷോഭങ്ങളും മറ്റ് ദുരന്തങ്ങളും ഉണ്ടാകുമ്പോൾ അതിൽ ഇരയാവുന്നവർക്ക് വേണ്ട അടിയന്തര ചികിത്സ ഉറപ്പാക്കാൻ മലയോര പ്രദേശത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിക്കുമെന്നും കോവിഡ് കാലത്തെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മാതൃക ആണെന്നും കളക്ടർ അഭിപ്രായപ്പെട്ടു. ന്യൂറോളജിസ്റ്റ്, ന്യൂറോസർജൻ, ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റ്, ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ്, സ്ട്രോക്ക് സ്പെഷ്യലിസ്റ്റ് നഴ്സസ് എന്നിവ ഉൾപ്പെടെ 24 മണിക്കുറും പ്രവർത്തിക്കുന്ന പൂർണ്ണ സജ്ജമായ സ്ട്രോക്ക് ചികിത്സാ വിഭാഗം ആണ് മാർ സ്ലീവാ മെഡിസിറ്റിയിൽ തുടങ്ങിയിരിക്കുന്നത്. സ്ട്രോക്ക് സംശയിച്ചാൽ ഉടനടി സംശയനിവാരണം ലഭിക്കുന്നതിനും, വേണ്ട നിർദേശം നൽകുന്നതിനായി 24    മണിക്കൂറും പ്രവർത്തിക്കുന്ന 9400995500 എന്ന സ്ട്രോക്ക് ഹെൽപ്ലൈൻ നമ്പറും പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. വേണ്ടിവന്നാൽ രോഗിയുടെ ലക്ഷണങ്ങൾ പരിശോധിക്കുന്നതിനായി വിഡിയോ കോൾ സംവിധാനവും ഉണ്ടായിരിക്കും. ആശുപത്രി മെഡിക്കൽ ഡയറക്ടർ, ന്യൂറോസയൻസ്, ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം ഡോക്ടർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.