കോട്ടയത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച 4 അംഗ കുടുംബത്തിലെ പിതാവും മരണത്തിനു കീഴടങ്ങി, ഇളയ മകൾ ചികിത്സയിൽ.


കോട്ടയം: കോട്ടയം തലയോലപ്പറമ്പ് ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച 4 അംഗ കുടുംബത്തിലെ പിതാവും മരണത്തിനു കീഴടങ്ങി. തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായില്‍ സുകുമാരനും കുടുംബവുമാണ്ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആസിഡ് ഉള്ളിൽ ചെന്ന് അത്യാസന്ന നിലയിലായിരുന്ന അമ്മയും മകളും മരിച്ചു. സുകുമാരന്റെ ഭാര്യ സീന (54) ഇന്നലെയും മകള്‍ സൂര്യ(27) ഇന്നുമാണ് മരിച്ചത്. ഇതിനു പിന്നാലെയാണ് സുകുമാരനും മരണത്തിനു കീഴടങ്ങിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുകുമാരൻ മരിച്ചത്. ഇളയമകൾ സുവർണ ചികിത്സയിൽ കഴിയുകയാണ്. സുകുമാരന്റെ മൂത്തമകൾ സൂര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇത് മുടങ്ങിയതിന്റെ മാനസിക ബുദ്ധിമുട്ടാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നാണ് പ്രാത്ഥമിക നിഗമനം. ഇന്നലെ രാത്രി 11 മണിയോടെയാണ് 4 അംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. സുകുമാരന്റെ മകൾ സുവര്‍ണയാണ് ഇന്നലെ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ചനോട് വിവരം പറഞ്ഞത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്‌ടോബര്‍ 10ന് ആയിരുന്നു. ഡിസംബര്‍ 12 ന് വിവാഹം നടക്കാനിരിക്കെയാണു കുടുംബം ആത്മഹത്യ ചെയ്തത്. വിവാഹത്തിനാവശ്യമായ ക്രമീകരണം ആരംഭിച്ചിരുന്നു എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. സീനയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലും സൂര്യയുടെയും പിതാവ് സുകുമാരന്റെയും മൃതദേഹം മെഡിക്കല്‍ കോളജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.