കോട്ടയം: ട്വന്റി ഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ സി ജി ദിൽജിത്തിന്റെ മരണം ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ മാനസിക സംഘർഷമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഇന്ന് രാവിലെയാണ് ദിൽജിത്തിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദില്‍ജിത്ത് കഴിഞ്ഞ ഏഴ് വര്‍ഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമായിരുന്നു. ട്വൻറി ഫോർ വാർത്താ ചാനലിന്റെ ആരംഭം മുതൽ കോട്ടയം ചീഫ് റിപ്പോർട്ടറായിരുന്നു ദിൽജിത്ത്. സൗമ്യ മുഖഭാവത്തോടെ മുഴുവൻ സമയവും പുഞ്ചിരിയോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ വിയോഗം സുഹൃത്തുക്കൾക്കൊപ്പം മാധ്യമ ലോകത്തെയും കണ്ണീരണിയിച്ചിരിക്കുകയാണ്. 10 മാസങ്ങൾക്ക് മുൻപായിരുന്നു പ്രസീതയുമായുള്ള ദിൽജിത്തിന്റെ വിവാഹം നടന്നത്. ഇന്ന് രാവിലെ പിതാവ് ഗോപിയാണ് മുറിയിൽ ദിൽജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ എത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉറക്ക ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യ. ഗുളികയുടെ കുപ്പിയും മറ്റും പൊലീസ് മുറിയിൽ നിന്നും കണ്ടെത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം കോട്ടയം പ്രസ്സ് ക്ലബിൽ പൊതുദർശനത്തിനു വെച്ചു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലയിലെ നിരവധിപ്പർ അന്ത്യഞ്ജലികൾ അർപ്പിക്കാനായി എത്തിയിരുന്നു. രജിസ്ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, എംഎൽഎ മോൻസ് ജോസഫ്, മുൻ കേന്ദ്ര മന്ത്രിയും എംപി യുമായിരുന്ന പി സി തോമസ്, പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജ്, കോട്ടയം ജില്ലാ കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്, സജി മഞ്ഞക്കടമ്പിൽ, ലതിക സുഭാഷ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
ട്വന്റി ഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ ദിൽജിത്തിന്റെ മരണം ആത്മഹത്യ, ഇന്ന് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.