വൈക്കം ഫയർ സ്റ്റേഷന് പുതിയ ഫസ്റ്റ് റെസ്പോൺസ് വാഹനം.


കോട്ടയം: വൈക്കം അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ(എഫ്.ആർ.വി) എത്തി. പ്രകൃതിദുരന്തം ഉൾപ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളിൽ വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ എഫ്.ആർ.വിക്ക് എത്താൻ കഴിയും.

സി.കെ. ആശ എം.എൽ.എ. വാഹനം വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. തീപിടുത്തം ഉണ്ടായാൽ അണയ്ക്കുന്നതിനായി 400 ലിറ്റർ വെള്ളം, വാതക ചോർച്ച ഉണ്ടായി തീ പിടിച്ചാൽ അണയ്ക്കുന്നതിന് 50 ലിറ്റർ ഫോം, മരത്തിന്റെ ശിഖരങ്ങൾ മുറിക്കാനുള്ള കട്ടിംഗ് മെഷീൻ, വാഹനാപകടം ഉണ്ടായാൽ ഉപയോഗിക്കുന്ന ഹൈഡ്രോളിക് മെഷീൻ എന്നിവ വാഹനത്തിലുണ്ട്. എഫ്.ആർ.വി. കൂടാതെ ജീപ്പ്, ആംബുലൻസ്, മൂന്ന് മൊബൈൽ ടാങ്കുകൾ എന്നിവയാണ് വൈക്കം അഗ്നിരക്ഷാ സേന ഓഫീസിനുള്ളത്. അഞ്ചു ഹോം ഗാർഡുകൾ ഉൾപ്പെടെ 44 ജീവനക്കാരുടെ സേവനം ലഭ്യമാണ്. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.റ്റി. സുഭാഷ്, സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് എസ്. ജയചന്ദ്രൻ, ജീവനക്കാർ എന്നിവർ  പങ്കെടുത്തു.