വൈക്കം മഹാദേവ ക്ഷേത്രത്തിലെ തുറക്കാത്ത വാതിൽ! വായിച്ചറിയാം ഐതിഹ്യ കഥ.


അഹന്തയുടെ നിറുകയില്‍ സര്‍പ്പദംശമായി പതിച്ച ശൈവകോപത്തിന്റെ ഓര്‍മ്മകളുണര്‍ത്തി ‘തുറക്കാത്ത വാതില്‍’. നൂറ്റിയെട്ട്‌ ഊരാണ്മ കുടുംബങ്ങളുടെ ഉടമസ്ഥയിലായിരുന്നു പണ്ട്‌ വൈക്കം മഹാദേവക്ഷേത്രം. വടക്കുംകൂര്‍ രാജാക്കന്മാരും വൈക്കം ക്ഷേത്രത്തിലെ ഊരാഴ്‌മക്കാരും തമ്മില്‍ ക്ഷേത്രാധികാരത്തെച്ചൊല്ലി ദീര്‍ഘകാലം തര്‍ക്കത്തിലായിരുന്നു. രണ്ടു പക്ഷക്കാരും തമ്മിലുള്ള അവകാശത്തര്‍ക്കങ്ങളും വഴക്കുകളും അനുദിനം വര്‍ദ്ധിച്ചു വന്നു. ഈ സമയത്ത്‌ വടക്കുംകൂര്‍ രാജാവ്‌ വൈക്കം ക്ഷേത്രത്തില്‍ ‘പെരുന്തമൃത്‌ പൂജ’ എന്ന ഒരു സവിശേഷ വഴിപാടുകഴിക്കാന്‍ ഒരുങ്ങി. ക്ഷേത്രത്തില്‍ കൂടുന്ന ഭക്തജനങ്ങള്‍ക്ക്‌ അന്നദാനവും നല്‍കണം. വളരെ പണച്ചിലവുള്ള ഈ പൂജ വലിയ പ്രഭുക്കന്‍മാരും രാജാക്കന്‍മാരും മാത്രമേ നടത്തിയിരുന്നുള്ളു. രാജാവിന്റെ വഴിപാട്‌ നടത്തുവാനുള്ള തീരുമാനം ഊരാണ്മക്കാര്‍ക്ക്‌ ഇഷ്‌ടമായില്ല. രാജാവിന്റെ വഴിപാട്‌ എങ്ങനെയും മുടക്കക്കാനായി ഊരാണ്മക്കാര്‍ ശ്രമം ആരംഭിച്ചു. ക്ഷേത്ര ജീവനക്കാരും നാട്ടുകാരില്‍ നല്ലൊരു വിഭാഗവം ഇതിന്‌ കൂട്ടുനില്‍കുകയില്ലെന്ന്‌ ഊരാഴ്‌മക്കാര്‍ക്ക്‌ അറിയാമായിരുന്നു. മനസ്സില്‍ വിദ്വേഷത്തിന്റെ കറ നിറഞ്ഞപ്പോള്‍ ഭഗവാനെ മറന്ന ഇവര്‍ ഞള്ളലി എന്നു പേരായ ഒരു ഊരാളന്റെ ഇല്ലത്ത്‌ യോഗം കൂടി. പണ്ട്‌ ഞള്ളലി നമ്പൂതിരിയുടെ ഇല്ലം ഇരുന്ന സ്ഥലമാണ്‌ ഇപ്പോഴത്തെ മിനി സിവില്‍ സ്‌റ്റേഷന്‍. ഏതു വിധേനയും രാജാവിന്റെ ‘പെരുന്തമൃത്‌ പൂജ’ മുടക്കാന്‍ ഞള്ളലി നമ്പൂതിരിയെ സര്‍വ്വസമ്മതമായി ഊരാണ്മക്കാര്‍ അധികാരപ്പെടുത്തി. ഊരാഴ്‌മക്കാരുടെ തീരുമാനമെല്ലാം രാജാവ്‌ അറിഞ്ഞെങ്കിലും പ്രതിരോധ നടപടികള്‍ സ്വീകരിക്കാതെ പെരുന്തമൃത്‌ പൂജ നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. വഴിപാട്‌ ദിവസം രാജാവും, കുടുംബാഗംങ്ങള്‍,ഭക്തജനങ്ങള്‍, ബ്രാഹ്മണര്‍, ക്ഷേത്രജീവനക്കാര്‍, മേളക്കാര്‍ തുടങ്ങിയവരും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഊരാഴ്‌മക്കാര്‍ മാത്രം വന്നില്ല. എല്ലാ വിഭവങ്ങളും ഭഗവാന്‌ നിവേദിക്കാനായി പാത്രങ്ങളില്‍ പകര്‍ന്ന്‌ പുറത്ത്‌ നടയ്ക്കല്‍ കൊണ്ടുവന്ന്‌ വച്ചു. ഈ സമയത്ത്‌ വായ്‌ നിറയെ വെറ്റില മുറുക്കി ചവച്ചുകൊണ്ട്‌ ഞള്ളലി നമ്പൂതിരി പടിഞ്ഞാറെ നടയിലൂടെ കടന്ന്‌ സോപാനത്തിങ്കല്‍ എത്തി നിവേദ്യത്തില്‍ മുറുക്കിത്തുപ്പി അശുദ്ധമാക്കി പൂജാഭംഗം വരുത്തി. തിരിച്ച്‌ പടിഞ്ഞാറെ ചുറ്റമ്പലത്തിലുള്ള വാതില്‍കൂടെത്തന്നെ ഇറങ്ങിപ്പോകവെ ഉഗ്രവിഷമുള്ള ഒരു സര്‍പ്പം അദ്ദേഹത്തെ ദംശിക്കുകയും വേച്ചുവേച്ച്‌ ഒരു വിധം പടിഞ്ഞാറെ ഗോപുരം കടന്ന അദ്ദേഹം അവിടെ വീണ്‌ തല്‍ക്ഷണം മരണമടയുകയും ചെയ്‌തു. ഉടന്‍ തന്നെ പടിഞ്ഞാറെ ചുറ്റമ്പലത്തിന്റെ വാതില്‍ താനെ അടയുകയും ‘ഇനി മേലില്‍ ഈ നട തുറക്കരുത്‌’ എന്ന്‌ ശ്രീകോവില്‍ നിന്നും അശരീരി കേട്ടുവെന്നുമാണ്‌ ഐതിഹ്യം. അന്ന്‌ അടഞ്ഞ ആ വാതില്‍ ഇന്നും തുറക്കപ്പെടാതെ തന്നെ കിടക്കുന്നു. പിന്നീട്‌ പടിഞ്ഞാറെ ചുറ്റമ്പലത്തിലുള്ള വാതില്‍ എടുത്തുകളഞ്ഞ്‌ ചുമര്‍ കെട്ടി അവിടെ അടച്ചുവെങ്കിലും പടിഞ്ഞാറു ഭാഗത്ത്‌ മതില്‍ക്കകത്തോടു ചേര്‍ന്ന്‌ വിളക്കു മാടത്തറയിലുള്ള രണ്ടാമത്തെ വാതില്‍ ഇന്നും ഒരു സ്‌മാരകം പോലെ തുറക്കാത്ത വാതിലായി നിലകൊള്ളുന്നു.

Content Credit to Respective Writer.