വിസ്മയ ചിത്രങ്ങളുടെ വർണ്ണ വിരുന്നൊരുക്കി 'ലൈഫ് സ്‌കേപ്പ്', കോട്ടയം സ്വദേശികളുടെ ജലച്ചായ ചിത്രങ്ങളുടെ പ്രദർശനം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ.


കോട്ടയം: കാഴ്ചകളുടെ കാൻവാസിൽ ചിത്രങ്ങളിൽ ജലച്ചായങ്ങളുടെ വിസ്മയങ്ങൾ ഒളിപ്പിച്ചു വെച്ച് കോട്ടയം സ്വദേശികളുടെ ജലച്ചായ ചിത്രങ്ങളുടെ പ്രദർശനം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ.

ഇന്റർനാഷണൽ വാട്ടർകളർ സൊസൈറ്റി ഇന്ത്യയുടെ ബിനാലെ 2022 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോട്ടയം സ്വദേശികളായ ധനേഷ് ജി നായരുടെയും ജിജിമോൾ കെ തോമസിന്റെയും ചിത്ര പ്രദർശനമാണ് കോട്ടയം ഡി സി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നാടാണ് വരുന്നത്. ഡിസംബർ 2 വരെയാണ് ചിത്ര പ്രദർശനം. നമുക്ക് ചുറ്റും കണ്ട കാഴ്ച്ചകളാണ് കാൻവാസിലേക്ക് പകർത്തിയിരിക്കുന്നതെന്നു ഇരുവരും പറയുന്നു. നിരവധിപ്പേരാണ് ഇതിനോടകം തന്നെ ചിത്ര പ്രദർശനം കാണാനായി എത്തിയത്. 60 ലധികം ചിത്രങ്ങളാണ് ഇവിടെ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. ഉരുളികുന്നം മഴുവഞ്ചേരിൽ ഗോപിനാഥൻ നായർ-രാധാമണി ദമ്പതികളുടെ മകനാണ് ധനേഷ്. തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ നിന്നും ബി എഫ് എ യിലും ആർ എഫ് എ യിലും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു ധനേഷ്. കൃഷണപ്രിയയാണ് ധനേഷിന്റെ ഭാര്യ, പല്ലവി കൃഷണ,പവിത്ര കൃഷണ എന്നിവരാണ് മക്കൾ. പാലാ കടപ്പാട്ടൂർ കിഴക്കേപ്പറമ്പിൽ പരേതനായ കെ ടി തോമസിന്റെയും ചേച്ചമ്മയുടെയും മകളും മണർകാട് പാലയ്ക്കാപ്പിള്ളിൽ ബൈജുവിന്റെ ഭാര്യയുമാണ് ജിജിമോൾ. ജലച്ചായ ചിത്രങ്ങളുടെ വിസ്മയ കാഴ്ചകളുടെ അത്ഭുതമനുഭവിച്ചാണ് പ്രദർശനം കാനെത്തുന്നവർ തിരികെ മടങ്ങുന്നത്. ഇരുവരും മലയാള മനോരമയിലെ ആർട്ടിസ്റ്റുമാരാണ്.