കോട്ടയത്ത് നിയന്ത്രണംവിട്ട കാർ ടാങ്കർ ലോറിയിൽ ഇടിച്ച ശേഷം 3 കാറുകൾ ഇടിച്ചു തെറിപ്പിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്, അപകടത്തിൽ 3 പേർക്ക് പരിക്ക്.


കോട്ടയം: കോട്ടയത്ത് നിയന്ത്രണംവിട്ട കാർ ടാങ്കർ ലോറിയിൽ ഇടിച്ച ശേഷം 3 കാറുകൾ ഇടിച്ചു തെറിപ്പിച്ചു. കോട്ടയം കോടിമത പാലത്തിനു സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

 

ചങ്ങനാശ്ശേരിയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാറാണ് അപകട പരമ്പര സൃഷിടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയത്തേക്ക് വരികയായിരുന്ന കാർ ചങ്ങനാശ്ശേരിയിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.

ടാങ്കർ ലോറിയുടെ ഡീസൽ ടാങ്കിനോട് ചേർന്നാണ് കാർ ഇടിച്ചത്. ഇതേത്തുടർന്ന് ടാങ്കർ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടുകയും ഡീസൽ റോഡിൽ പരക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തെ തുടർന്ന് കാർ വീണ്ടും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന 3 കാറുകളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

കോട്ടയം സ്വദേശി അർജുൻ,ഏറ്റുമാനൂർ സ്വദേശി ജോയ്സൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും അഗ്നിരക്ഷാ സേനയുമെത്തിയാണ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും റോഡിൽ പരന്ന ഡീസൽ കഴുകി കളഞ്ഞതും. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസ് എടുത്തിട്ടുണ്ട്.