കോട്ടയം നീലിമംഗലം പാലത്തിലുണ്ടായ അപകടത്തിൽ മരിച്ച രഞ്ജിന്റെ സംസ്കാരം ഇന്ന്, ഒന്നരമാസം മുൻപായിരുന്നു യുവാവിന്റെ വിവാഹം.


കോട്ടയം: കോട്ടയം നീലിമംഗലം പാലത്തിലുണ്ടായ അപകടത്തിൽ മരിച്ച രഞ്ജിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3 മണിക്ക് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയിൽ നടക്കും.

ഞായറാഴ്ച്ച പുലർച്ചെയായിരുന്നു കുറുപ്പന്തറ ഇലവത്തിൽ സെബാസ്റ്റ്യൻ തോമസ്സിന്റെ മകൻ രഞ്ജിൻ(28) ഓടിച്ചിരുന്ന ഓട്ടോയും കെഎസ്ആർടിസി ബസ്സും തമ്മിൽ നീലിമംഗലം പാലത്തിൽ വെച്ച് കൂട്ടിയിടിക്കുന്നത്. അപകടത്തിൽ ഓട്ടോയിൽ കുടുങ്ങിയ രഞ്ജിനെ അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് വാഹനത്തിൽ നിന്നും പുറത്തെടുത്തത്.

ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീലിമംഗലം പാലത്തിലേക്കുള്ള പ്രവേശന ഭാഗത്ത് അപകടകരമായ കുഴി രൂപപ്പെട്ടിട്ടുണ്ട്. കുഴിയിൽ ചാടാതിരിക്കാനായി വാഹനം വെട്ടിച്ചപ്പോഴോ കുഴിയിൽ ചാടി വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതു ആയിരിക്കാം അപകടകാരണമെന്നാണ് കരുതുന്നത്. ഒന്നരമാസം മുൻപായിരുന്നു ആലപ്പുഴ സ്വദേശിനിയുടെ രഞ്ജിന്റെ വിവാഹം കഴിഞ്ഞത്. ഇന്നലെ ഭാര്യാ ബന്ധുക്കൾ വീട്ടിലേക്ക് എത്താനിരിക്കെയാണ് അപകടം സംഭവിച്ചത്. മുട്ടുചിറ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു രഞ്ജിൻ. കോട്ടയത്തും ചങ്ങനാശേരിയിലുമുള്ള കടകളിൽ ഇറച്ചി എത്തിച്ചു നൽകുന്ന ഓട്ടം രഞ്ജിനുണ്ടായിരുന്നു. പതിവുപോലെ കടകളിൽ ഇറച്ചി എത്തിച്ച ശേഷം തിരികെ വീട്ടിലേക്ക് വരുംവഴിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. ഭാര്യ-സോനാ, മാതാവ്-ലൂസി, സഹോദരങ്ങൾ-രഞ്ജിത്ത്,രഞ്ജി,അഞ്ചു.