പ്രളയത്തിൽ തകർന്ന അഞ്ചിലിപ്പ പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഡിസംബറിൽ ആരംഭിക്കും, 38.5 ലക്ഷം രൂപയുടെ അനുമതി.


കാഞ്ഞിരപ്പള്ളി: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച അഞ്ചിലിപ്പ പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഡിസംബറിൽ ആരംഭിക്കും. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചിറ്റാർ പുഴ കരകവിഞ്ഞൊഴുകുകയായിരുന്നു.

ശക്തമായ വെള്ളമൊഴുക്കിൽ അഞ്ചിലിപ്പ പാലത്തിന്റെ കൈവരികളും ആറ്റിലേക്കിറങ്ങുന്നതിനായുള്ള നടക്കലും സമീപ റോഡും സംരക്ഷണ ഭിത്തിയും തകർന്നിരുന്നു. പ്രളയത്തെ തുടർന്ന് അപകടാവസ്ഥയിലായിരിക്കുന്നതിനാൽ ബസ്സുകൾ ഉൾപ്പടെയുള്ള ഭാരവാഹനങ്ങൾക്ക് പാലത്തിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അഞ്ചിലിപ്പ പാലത്തിന്റെ അറ്റകുറ്റപണികളുടെ ഭാഗമായി ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ 20 ലക്ഷം രൂപ അനുവദിച്ചു. പാലത്തിൽ തകർന്നു പോയ കൈവരികൾക്ക് പകരം പുതിയവ പിടിപ്പിക്കുന്നതിനും തകർന്ന പാലത്തിലേക്കുള്ള അപ്പ്രോച്ച് റോഡ് നിർമ്മിക്കുന്നതിനുമായാണ് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറും പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയുമായ ജെസ്സി ഷാജൻ മണ്ണംപ്ളാക്കൽ 20 ലക്ഷം രൂപ അനുവദിച്ചത്. പാലത്തിന്റെ സംരക്ഷണ ഭിത്തിക്ക് ഇറിഗേഷൻ വകുപ്പ് 10 ലക്ഷം രൂപയും കുളിക്കടവ് പുനർ നിർമ്മാണത്തിന് എട്ടര ലക്ഷം രൂപയും അനുവദിച്ചു. പ്രളയത്തിൽ തകർന്ന അഞ്ചിലിപ്പ പാലവും സമീപ മേഖലകളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിച്ചു.