കാഞ്ഞിരപ്പള്ളി: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കാഞ്ഞിരപ്പള്ളി ബി ആർ സിയുടെ പഠനോപകരണ വിതരണം 'കരുതലേകാം' പദ്ധതിയുടെ ഉത്‌ഘാടനം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ നിർവ്വഹിക്കും.
സമഗ്ര ശിക്ഷാ കേരളം കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലാണ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണിക്ക് പൊൻകുന്നം ജി വി എച് എസ് എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കാഞ്ഞിരപ്പള്ളി ബി ആർ സിയുടെ പഠനോപകരണ വിതരണം 'കരുതലേകാം' പദ്ധതിയുടെ ഉത്ഘടനവും പഠനോപകരണ വിതരണ ഉത്ഘടനവും ജില്ലാ കളക്ടർ നിർവ്വഹിക്കും.
സ്പോൺസർഷിപ്പിലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും, ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ തുടങ്ങിയ ലക്ഷ്യങ്ങളാണ് കരുതലേകാം പദ്ധതിയുടേതെന്നു കാഞ്ഞിരപ്പള്ളി ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സനൽകുമാർ കെ കെ പറഞ്ഞു. വിജ്ഞാന-വിനോദ കളിക്കോപ്പുകൾ, ബുക്കുകൾ, കളറിംഗ് പെൻസിലുകൾ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്. സാർവ്വത്രികവും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രാവിഷ്കൃതമായ പദ്ധതിയാണ് സമഗ്ര ശിക്ഷാ കേരളാ. സംസ്ഥാനതലത്തിൽ ഈ പദ്ധതിയിലൂടെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഓട്ടിസം സെന്റർ, മെഡിക്കൽ ക്യാമ്പ്,സ്പീച്ച്-ഫിസിയോ തെറാപ്പി, ഉപകരണ വിതരണം,ട്വിന്നിങ് പ്രോഗ്രാം, വൈറ്റ് ബോർഡ്,ടോക്കിങ് ടെക്സ്റ്റ് തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിനുപുറമെ കാഞ്ഞിരപ്പള്ളി ബി ആർ സി യുടെ നേതൃത്വത്തിൽ തനത് പ്രവർത്തനങ്ങളായ വീട്ടിൽ ഒരു പൂവ്,ആർദ്രം, കൈത്താങ്ങ്,കൂടെ, ഒന്നായി മുന്നേറാം തുടങ്ങി നിരവധി വേറിട്ട പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളും ഈ വിഭാഗം വിദ്യാർത്ഥികളെ മുഖ്യധാരാശ്രേണിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്നു. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണിക്ക് പൊൻകുന്നം ജി വി എച് എസ് എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി ആർ ശ്രീകുമാർ അധ്യക്ഷത വഹിക്കും. എസ് എസ് കെ കോട്ടയം ഡി പി സി മാണി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആന്റണി മാർട്ടിൻ, കാഞ്ഞിരപ്പള്ളി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജെ തങ്കമണി, കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈലജ പി എച്, കോട്ടയം എസ് എസ് കെ ഡി പി ഓ ബിനു എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.