കുറവിലങ്ങാട്: കുറവിലങ്ങാടിന്റെ സിനിമാപ്രേമികൾക്ക് വിസ്മയങ്ങളൊരുക്കി അത്യാധുനിക സംവിധാനങ്ങളോടെ ബോസ്‌കോ സിനിമാസ് വെള്ളിയാഴ്ച്ച പ്രവർത്തനം ആരംഭിക്കുന്നു.
വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് ചലച്ചിത്രതാരം നമിതാ പ്രമോദ് ഉത്‌ഘാടനം നിർവ്വഹിക്കും. 2 സ്‌ക്രീനുകളിലായി പ്രദർശനം ആരംഭിക്കുന്ന തിയേറ്ററിൽ ദുൽഖർ സൽമാൻ നായകനായ കുറുപ്പ് ആണ് ആദ്യ പ്രദർശനം. 4 കെ ദൃശ്യ മികവിലും ഡോൾബി അറ്റ്‌മോസ് ശബ്ദവിസ്മയത്തിലുമാണ് തിയേറ്റർ സജ്ജമാക്കിയിരിക്കുന്നത്.
കുറവിലങ്ങാട് സെൻട്രൽ ജങ്ഷനിൽ ബോസ്‌കോ ആർക്കേടിലാണ് തിയേറ്റർ പ്രവർത്തിക്കുന്നത്. 250 ലധികം സീറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ചലച്ചിത്ര സംവിധായകനായ ബി.ഉണ്ണികൃഷ്‍ണന്റെ ആർ ഡി സിനിമാസുമായി സഹകരിച്ചാണ് പ്രവർത്തനമെന്ന് ബോസ്‌കോ ഗ്രൂപ്പ് അധികൃതർ പറഞ്ഞു.