ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്നു പിടിച്ചു ഉപകരണങ്ങൾ കത്തിനശിച്ചു. ചങ്ങനാശ്ശേരി പെരുന്ന തിരുമല കൊല്ലംപറമ്പിൽ രഞ്ജിത്തിന്റെ വീട്ടിലാണ് അപകടം ഉണ്ടായത്.
തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം ഉണ്ടായത്. സ്വർണ്ണപ്പണികൾ ചെയ്യുന്നയാളായ രഞ്ജിത്ത് വീടിനുള്ളിലെ മുറിയിൽ സ്വർണ്ണപ്പണി ചെയ്യുന്നതിനിടെയാണ് ഇതിനായി ഉപയോഗിച്ച് കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടർ ലീക്ക് ചെയ്ത് തീ പടർന്നു പിടിച്ചത്. തീ പടർന്നതോടെ വീടിനുള്ളിലുണ്ടായിരുന്നവർ വീടിനു പുറത്തേക്ക് ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി.
വീടിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടു നാട്ടുകാർ ഓടിയെത്തിയെങ്കിലും തീ അണയ്ക്കാൻ സാധിച്ചിരുന്നില്ല. തുടർന്നു ഇവർ വിവരമറിയിച്ചതനുസരിച്ച് ചങ്ങനാശ്ശേരിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. രണ്ടു യൂണിറ്റ് വാഹനം എത്തിയാണ് തീ അണച്ചത്. മുറിക്കുള്ളിലുണ്ടായിരുന്ന ഉപകരണങ്ങൾ അഗ്നിക്കിരയായി.
മുപ്പതിനായിരം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. തീ അണച്ച ശേഷം ഗ്യാസ് സിലിണ്ടർ വീടിനു പുറത്തെത്തിച്ചാണ് ചോർച്ച മാറ്റിയത്. ചങ്ങനാശ്ശേരി അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ സജിമോൻ ടി ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോർജ് പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.