നീലിമംഗലം പാലത്തിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.


കോട്ടയം: നീലിമംഗലം പാലത്തിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് പാലം വിഭാഗത്തിന് കോട്ടയം ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ നിർദ്ദേശം നൽകി.

കഴിഞ്ഞ ദിവസം പുലർച്ചെ പാലത്തിലെ പ്രവേശന ഭാഗത്തെ അപകടകരമായ കുഴിയിൽ ചാടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷാ എതിരെ വന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് കുറുപ്പന്തറ സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു. നീലിമംഗലം പാലത്തിന്റെ പ്രവേശനഭാഗത്ത് അപകടകരമാവിധമാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. കുഴിയിൽ നിന്നും കമ്പി എഴിച്ചു നിൽക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.

പാലത്തിലെ സ്ട്രിപ്പ് സീലിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിക്കാൻ അധികൃതർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് പോലീസ്, മോട്ടോർ വാഹന വകുപ്പുകളെയും ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ പറഞ്ഞു.