ആർജ്ജവം ഇല്ലാത്ത ഭരണാധികാരികൾ നാടിന്റ യശസ് ഇല്ലാതാക്കുന്നു;ഷോൺ ജോർജ്.

ഈരാറ്റുപേട്ട: ആർജ്ജവം ഇല്ലാത്ത ഭരണാധികാരികൾ നാടിന്റ യശസ് ഇല്ലാതാക്കുന്നതായും 1983 -ൽ സ്ഥാപിതമായ കേരളത്തിലെ ഏറ്റവും മികച്ച ഡിപ്പോകളിലൊന്നായ ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയെ തകർക്കാനുള്ള ഗൂഢശ്രമത്തെ എന്തു വിലകൊടുത്തും എതിർക്കുമെന്നും ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് പറഞ്ഞു.

വിഷയത്തിൽ ഗതാഗതമന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധമറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 55 ഷെഡ്യൂളുകളും 67 ബസ്സുകളും ഓപ്പറേറ്റ് ചെയ്തിരുന്ന ഈരാറ്റുപേട്ട ഡിപ്പോയിൽ നിലവിൽ 37 ബസുകളും 32 ഷെഡ്യൂളുകളും മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഈരാറ്റുപേട്ടയിൽ നിന്നും ഏറ്റവും ലാഭകരമായി ഓപ്പറേറ്റ് ചെയ്തിരുന്ന രണ്ട് സർവീസുകൾ ആയ തെങ്കാശി,കോയമ്പത്തൂർ ബസ്സുകളും നിർത്തലാക്കി. 30 വർഷത്തിലേറെയായി ലാഭകരമായി സർവീസ് നടത്തിയിരുന്ന കോഴിക്കോട് സർവീസും നിർത്തിയവയിൽ ഉൾപ്പെടുന്നു.

മലയോര മേഖലയ്ക്ക് ആശ്വാസകരമായിരുന്ന കോട്ടയം,പുള്ളിക്കാനം, കോലാഹലമേട്,തലനാട്, അടിവാരം,കൈപ്പള്ളി എന്നീ 6 സ്റ്റേ സർവീസുകളും നിർത്തലാക്കിയിരിക്കുന്നു. ഏന്തയാർ,ഊരക്കനാട് വാരിയാനിക്കാട് എന്നീ ഗ്രാമീണ സർവീസുകളും നിർത്തലാക്കിയതായും ഷോൺ ജോർജ് പറഞ്ഞു. ഈരാറ്റുപേട്ട വഴി സർവീസ് നടത്തിയിരുന്ന റാന്നി- തൃശ്ശൂർ,കുമളി - വൈറ്റില  രണ്ടെണ്ണം,കാഞ്ഞിരപ്പള്ളി-വടക്കാഞ്ചേരി,എരുമേലി- ചന്ദനക്കാംപാറ, തിരുവമ്പാടി-ഇരാറ്റുപേട്ട, തൊട്ടിൽപ്പാലം-ഈരാറ്റുപേട്ട,കൽപ്പറ്റ-തിരുവനന്തപുരം എന്നീ ബസ്സുകളും നിർത്തലാക്കി. 30 ജീവനക്കാർ ഉണ്ടായിരുന്ന വർക്ക്ഷോപ്പും നിർത്തലാക്കിയിരിക്കുന്നു.  ടയർ മാറ്റുന്നതിനായി 12 ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്. ബസ്സുകളുടെ അറ്റകുറ്റപ്പണികൾക്ക് പോലും പാലാ ഡിപ്പോയിൽ എത്തേണ്ട അവസ്ഥയാണ്. എവിടെയെങ്കിലും വെച്ച് ബസ്സിന് തകരാർ സംഭവിച്ചാൽ പകരം ബസ് അയക്കാൻ ഒരു ബസ് പോലും ഡിപ്പോയിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ചരിത്രത്തിലാദ്യമായി ഈരാറ്റുപേട്ടയ്ക്ക് സ്ഥിരം എ.റ്റി.ഒ,അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ എന്നിവർ ഇല്ലാത്തത് ഡിപ്പോ ഇല്ലാതാക്കാൻ തീരുമാനമെടുത്തു എന്നതിന്റെ സൂചനയാണ് എന്നും അദ്ദേഹം പറഞ്ഞു.  ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് പറഞ്ഞു.