എരുമേലി: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും തുടർന്നുണ്ടായ പ്രളയത്തിലും കൈവരികൾ തകർന്നു നാശനഷ്ടങ്ങൾ സംഭവിച്ച ശബരിമല പാതയിലെ പാലങ്ങൾക്ക് താത്ക്കാലിക സുരക്ഷയൊരുക്കി പൊതുമരാമത്ത് വകുപ്പ്.
കാഞ്ഞിരപ്പള്ളി എരുമേലി ശബരിമല പാതയിൽ പ്രളയത്തിൽ കൈവരികൾ തകർന്ന എരുമേലി ഓരുങ്കൽകടവ് പാലത്തിലാണ് വീപ്പകൾ നിരത്തി മുളംകമ്പിൽ താത്ക്കാലിക സംരക്ഷണ വേലി തീർത്തിരിക്കുന്നത്. ശബരിമല തീർത്ഥാടകർക്കും സ്വദേശീയരും വാഹനയാത്രികർക്കും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് താത്ക്കാലിക ക്രമീകരണം. പ്രളയപുനരുദ്ധാരണത്തിന്റെ ഭാഗമായി പൂഞ്ഞാര്‍ മണ്ഡലത്തില്‍ പാലങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ക്ക് 1.23 കോടി രൂപ അനുവദിച്ചിട്ടുള്ളതായി എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഇരുപത്തിയാറാം മൈൽ പാലത്തിനു 19.6 ലക്ഷം രൂപയും ഓരുങ്കൽകടവ് പാലത്തിനു 17.7 ലക്ഷം രൂപയും മുണ്ടക്കയം കോസ്‌വേ 9.4 ലക്ഷം രൂപയും മൂക്കൻപെട്ടി കോസ്‌വേ 3 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ശബരിമല റോഡുകളുടെ പുനരുദ്ധാരണത്തിന് 5 ലക്ഷം രൂപയും എംഇഎസ് കോളേജ് പ്രപ്പോസ് റോഡിനു 4.96 ലക്ഷം കുറുവാമൂഴി-ഓരുങ്കൽകടവ്-കരിമ്പിൻ തോട് റോഡ് 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.