കോട്ടയം: കെ.എസ്.ആര്‍.ടി.സി യുടെ പമ്പ സ്‌പെഷല്‍ സര്‍വീസുകളുടെ ഹബായി എരുമേലി, പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് മാറുന്നു.
നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാനും ഭക്ഷണത്തിനും വിശ്രമത്തിനും തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പുതിയ ഹബ് പദ്ധതിയൂടെ ലക്ഷ്യമിടുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനെ ശബരിമല ഹബ് ആയി മാറ്റുന്നതിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ശബരിമല തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്ക് കാലതാമസമില്ലാതെ സന്നിധാനത്ത് എത്തുന്നതിനായി തുടര്‍ച്ചയായി ബസ് സര്‍വീസ് നടത്തുന്നതിനായാണ് ഈ തീരുമാനം. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന പമ്പാ സർവ്വീസുകൾ എരുമേലി,പത്തനംതിട്ട ഡിപ്പോകൾ വരെ മാത്രമാകും ഉണ്ടാവുക. ഇവിടെ എത്തുന്ന യാത്രികർക്ക് ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം യാത്ര തുടരാവുന്നതാണ്. ഇവിടെ നിന്ന് അഞ്ച് മിനിറ്റ് ഇടവേളയില്‍ പമ്പയിലേക്ക് ചെയിന്‍ സര്‍വീസ് ഉണ്ടാകും. ഈ ബസുകള്‍ ഇടയ്ക്ക് ഭക്ഷണത്തിനായി ഒരിടത്തും നിര്‍ത്തുകയില്ല. പത്തനംതിട്ടയിൽ നിന്നും നവംബര്‍ 22 ന് പരീക്ഷണ സര്‍വീസ് നടത്തും. ആദ്യഘട്ടത്തില്‍ ചെയിന്‍ സര്‍വീസിനായി പത്തനംതിട്ടയ്ക്ക് 50 ബസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.