ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ശീതീകരണ സംവിധാനമുള്ള സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ സംഭരണശാല പരിഗണനയിൽ എന്ന് തോമസ് ചാഴികാടൻ എം പി. കേന്ദ്ര സർക്കാരിന്റെ ഉപഭോക്തകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ വെയർഹൗസിങ് കോർപറേഷന്റെ (സി.ഡബ്ല്യൂ.സി) സംഭരണശാല സ്ഥാപിക്കുന്നതാണ് പരിഗണനയിൽ. അതിരമ്പുഴ വില്ലേജിൽ കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ എം എസ് എം ഇ ട്രെയിനിങ് ഇൻസ്റ്റിറ്റുട്ടിന്റെ കൈവശമുള്ള 10 ഏക്കർ ക്യാമ്പസ്സിൽ സി.ഡബ്ല്യൂ.സി അധികൃതർ സ്ഥലപരിശോധന നടത്തി. പദ്ധതിക്കായി 20 കോടി വരെ മുതൽ മുടക്കാൻ സി.ഡബ്ല്യൂ.സി തയ്യാറാണ് എന്നും തോമസ് ചാഴികാടൻ പറഞ്ഞു. എല്ലാ ഭൗതിക സാഹചര്യങ്ങളോടും കൂടിയ 3 മുതൽ 6 ഏക്കർ വരെ സ്ഥലമാണ് ആണ് സി.ഡബ്ല്യൂ.സി. ഇവിടെ ലക്ഷ്യം വെയ്ക്കുന്നത്. 1956 ൽ ജി.ഐ.പി.സി പ്രവർത്തനം തുടങ്ങിയതിന് ശേഷം കഴിഞ്ഞ 30 വർഷമായി ഈ സ്ഥലം പ്രവർത്തനരഹിതമായി കിടക്കുകയാണ്. 2019 ൽ ആരംഭിച്ച എം എസ് എം ഇ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത് മൂന്ന് ഏക്കർ സ്ഥലത്താണ്. ഇപ്പോൾ ഉപയോഗ ശൂന്യമായി കാട് പിടിച്ചു കിടക്കുന്ന ബാക്കി ഏഴ് ഏക്കർ വരുന്ന സ്ഥലം സർക്കാർ സ്ഥാപനമായ സി.ഡബ്ല്യൂ.സി യുടെ പരിശോധനയിൽ സംഭരണ ശാല സ്ഥാപിക്കുവാൻ അനുയോജ്യമെന്ന് കണ്ടെത്തി. സ്ഥലത്തിന്റെ സ്കെച്ചും അനുബന്ധ രേഖകളും സി.ഡബ്ല്യൂ.സി ക്ക് കൈമാറുവാനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്ന് എം പി പറഞ്ഞു. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനോട് തൊട്ടു ചേർന്ന് കിടക്കുന്ന സ്ഥലം ആയതിനാൽ ഇവിടെ ഗോഡൗൺ നിർമ്മിക്കുന്നത് റെയിൽവേ വാഗണുകൾ വരുന്നതിനും ചരക്ക് കയറ്റിറക്കത്തിനും വളരെയെറെ സൗകര്യപ്രദമാകും. ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 60 ലധികം ചെറുകിട വൃവസായ യൂണിറ്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ഫാക്ടറികൾക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്നതിനും ഈ ഗോഡൗൺ പ്രയോജനകരമാകും. ചരക്കുകളുടെ ശാസ്ത്രീയ സംഭരണം, കൈകാര്യം ചെയ്യൽ, കാർഷിക ഉൽപന്നങ്ങൾ, വ്യവസായിക അസംസ്കൃതവസ്തുക്കൾ എന്നിവ സൂക്ഷിക്കൽ ഉൾപ്പെടെ വിപുലമായ സംവിധാനങ്ങളാണ് സെൻട്രൽ വെയർഹൗസിങ് കോർപറേഷന്റെ സംഭരണശാലയുടെ ലക്ഷ്യം. പ്രാദേശികമായ ആവശ്യകത അനുസരിച്ച് താപ നിയന്ത്രണ സംവിധാനവും ഈ വെയർഹൗസിൽ ലഭ്യമാക്കും. കർഷകർ, വ്യാപാരി- വ്യവസായികൾ, സർക്കാർ-സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുവാനുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം കോട്ടയം ജില്ലയിലെ പൊതുവിതരണ സംവിധാനത്തേയും ഈ വെയർഹൗസ് സംരംഭം ശക്തിപ്പെടുത്തും. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സാധനങ്ങളും കേടുകൂടാതെ ഈ ഗോഡൗണിൽ സുരക്ഷിതമായി സൂക്ഷിക്കുവാൻ സാധിക്കും. കൂടാതെ, തദ്ദേശീയരായ നൂറുകണക്കിന് തൊഴിലാളികൾക്ക് കയറ്റിറക്ക് മേഖലയിലും മറ്റ് അനുബന്ധ മേഖലകളിലും പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ സാധ്യത ഉണ്ടാകും എന്നും എം പി പറഞ്ഞു. സ്ഥലം കൈമാറ്റം ചെയ്യുവാനുള്ള നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര എം എസ് എം ഇ മന്ത്രി നാരായൺ റാണയ്ക്കും, എം എസ് എം ഇ അഡിഷണൽ സെക്രട്ടറി ആൻഡ് ഡെവലപ്മെന്റ് കമ്മീഷണർക്കും കത്ത് നൽകിയിട്ടുണ്ട് എന്നും തോമസ് ചാഴികാടൻ എം പി പറഞ്ഞു.
ഏറ്റുമാനൂരിൽ ശീതീകരണ സംവിധാനമുള്ള സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ സംഭരണശാല പരിഗണനയിൽ;തോമസ് ചാഴികാടൻ.