കനത്ത മഴയിൽ കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്! കാറ്റിൽ നാശനഷ്ടങ്ങൾ.


കോട്ടയം: ഇന്ന് ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയിൽ കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ കാറ്റിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ തോടുകൾ കരകവിഞ്ഞു റോഡിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി.

കനത്തമഴയിൽ ഏറ്റുമാനൂർ-എറണാകുളം റോഡിൽ കാണക്കാരി ഗവ. സ്‌കൂളിന് മുൻഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേതുടർന്ന് കാൽനട യാത്രികരും ഇരുചക്ര വാഹന യാത്രികരും ബുദ്ധിമുട്ടിലായി. കടകൾക്കുള്ളിലേക്ക് കയറത്തക്കവിധമാണ് റോഡിൽ വെള്ളം ഉയർന്നു നിന്നത്. എം.സി റോഡിൽ കുറവിലങ്ങാട് പള്ളിക്കവലയിലും കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടായി.

വെള്ളം കയറിയ റോഡുകളിൽ ഗതാഗത തടസ്സം ഉണ്ടായി. മരങ്ങാട്ടുപള്ളി-കടപ്ലാമറ്റം റോഡിലും വയലാ സ്‌കൂൾ ജംക്ഷനിലും വെള്ളം കയറി. പാലാ-രാമപുരം റോഡിലും ചക്കാമ്പുഴ-ഉഴവൂർ റോഡിലും വെള്ളം കയറി ഗതാഗത തടസ്സം ഉണ്ടായി. പാലാ-കോഴ റോഡിൽ മരം വീണു കടപ്പൂര് വാറ്റുപുര റോഡിൽ മരം വീണു. ശക്തമായ കാറ്റിൽ മരം വീണു വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു. കനത്ത മഴയിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് നവംബർ 23, 25, 26, 27 തീയതികളിൽ കോട്ടയം ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.