ജനദ്രോഹ കെ-റെയിൽ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണം; മോൻസ് ജോസഫ് എം.എൽ.എ.


കോട്ടയം: കേരളത്തെ കടക്കെണിയിലാക്കുന്നതും പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴുപ്പിക്കുന്നതുമായ കെ-റെയിൽ സിൽവർ ലൈൻ ജനദ്രോഹ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

 

കേരളാ യൂത്ത് ഫ്രണ്ട് ജില്ലാ നേതൃസമ്മേളനം കോട്ടയത്ത് കേരളാ കോൺഗ്രസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ റെയിൽവേയുടെ ആധുനിക നൂതന വികസന സാധ്യതകൾ വിജയകരമായി നടപ്പാക്കിയ മെട്രോമെൻ ഇ. ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ധ വ്യക്തിത്വങ്ങൾ ശക്തമായി ചൂണ്ടിക്കാണിച്ചിരിക്കുന്ന കെ-റെയിൽ പദ്ധതിയുടെ അപ്രായോഗികതയും പരാജയ സാഹചര്യങ്ങളും സംസ്ഥാന സർക്കാർ കണ്ണ് തുറന്ന് കാണണമെന്ന് മോൻസ് ജോസഫ് അഭ്യർത്ഥിച്ചു. കേരളത്തിൽ നിലവിലുള്ള റെയിൽവേ ലൈൻ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാരുമായി സഹകരിച്ച് കൊണ്ടുള്ള പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിനും യുഡിഎഫ് മുന്നോട്ട് വച്ചിട്ടുള്ള ബദൽ നിർദേശങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. കേരളത്തിന് ഉപദ്രവമാകുന്ന സിൽവർ ലൈൻ പദ്ധതിയുടെ ദോഷവശങ്ങൾ വിലയിരുത്താൻ ദുരഭിമാനം വെടിഞ്ഞ് എൽഡിഎഫ് സർക്കാർ മുന്നോട്ട് വരണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കേരള ജനത തള്ളിക്കളഞ്ഞിരിക്കുന്ന കെ-റെയിൽ പദ്ധതിക്കെതിരെ നടന്നുവരുന്ന ജനകീയ പ്രക്ഷോഭത്തിന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കൂടുതൽ ശക്തമായ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം നേതൃസമ്മേളനങ്ങൾ ഡിസംബർ 20 ന് മുൻപ് പൂർത്തിയാക്കാൻ തീരുമാനിച്ചു. ജനുവരി 15 ന് സമ്പൂർണ്ണ ജില്ലാ പ്രതിനിധി സമ്മേളനം നടത്തുന്നതാണ്. യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം എക്സ് എം.പി മുഖ്യപ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ് ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ , യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, പാർട്ടി ജനറൽ സെക്രട്ടറി ഡോ. ഗ്രേസമ്മ മാത്യു, പാർട്ടി നേതാക്കളായ വി.ജെ ലാലി, അഡ്വ. ജെയ്സൺ ജോസഫ്,  പ്രസാദ് ഉരളികുന്നം, എ.കെ.ജോസഫ് ,ജോയി സി കാപ്പൻ, കുര്യൻ പി.കുര്യൻ, യൂത്ത് ഫ്രണ്ട് നേതാക്കളായ അഭിലാഷ് കൊച്ചുപറമ്പിൽ, ലിറ്റോ പാറേക്കാട്ടിൽ, നിബാസ് റാവുത്തർ, സബിഷ് നെടുംപറമ്പിൽ, ഷിനു പാലത്തുങ്കൽ, ജോമോൻ ഇരുപ്പക്കാട്ടിൽ, ചാർളി ഐസക്ക് , ജോണിച്ചൻ പൂമരം, കുര്യൻ വട്ടമല, ഷില്ലറ്റ് അലക്സ് , സുനിൽ ഇല്ലിമൂട്ടിൽ, ഡിജോ ജോൺ ,  നിഖിൽ ജോസ് തുരുത്തിയിൽ എന്നിവർ പ്രസംഗിച്ചു.