കോട്ടയം: കുറവാ മോഷണസംഘാംഗം എന്ന സംശയത്തിൽ കാണക്കാരി കടപ്പൂര് നാട്ടുകാർ തടഞ്ഞു വെച്ചത് ഇതരസംസ്ഥാന തൊഴിലാളിയെന്നു പോലീസ്.
ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷമാണ് കുറുവ സംഘത്തിൽ ഉൾപ്പെട്ടയാളെന്നു സംശയത്തെ തുടർന്ന് കാണക്കാരി കടപ്പൂര് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടയാളെ നാട്ടുകാർ തടഞ്ഞു വെച്ചു പോലീസിൽ ഏൽപ്പിച്ചത്. പോലീസിന്റെ വിശദമായ അന്വേഷണത്തിൽ ഇയാൾ കിടങ്ങൂരുള്ള ഒരു സ്ഥാപനത്തിലെ തൊഴിലാളിയാണെന്നു കണ്ടെത്തുകയായിരുന്നു. ഇയാളെ സ്ഥാപന ഉടമയ്‌ക്കൊപ്പം വിട്ടതായാണ് വിവരം.
ജില്ലയിൽ കോട്ടയം,ഏറ്റുമാനൂർ നഗരസഭാ പരിധിയിലും സമീപ ഗ്രാമപഞ്ചായത്ത് പരിധിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മോഷണശ്രമങ്ങളെ തുടർന്ന് മേഖലയിലുള്ളവർ ജാഗ്രതയിലാണ്. ജനങ്ങൾക്ക് ഗ്രാമപഞ്ചായത്തിൽ നിന്നും പോലീസിൽ നിന്നും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് സംശയാസ്പദമായ സാഹചര്യത്തിൽ അപരിചിതനായ ഒരാളെ കണ്ടതോടെ വിവരം നാട്ടുകാർ ഗ്രാമപഞ്ചായത്ത് മെമ്പറിനെയും പോലീസിനെയും അറിയിക്കുകയും തടഞ്ഞു വെയ്ക്കുകയും ചെയ്തത്.
വെമ്പള്ളിയിൽ നിന്നും കടപ്പൂര് ഭാഗത്തേക്ക് നടക്കുകയായിരുന്ന ഇയാളുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു വെയ്ക്കുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയായിരുന്നു.