കരുതലായി കാഞ്ഞിരപ്പള്ളി ബിആർസി! പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി പഠന-പരിശീലന ഉപകരണങ്ങൾ വിതരണം ചെയ്തു.


കാഞ്ഞിരപ്പള്ളി: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സമഗ്രശിക്ഷാ കേരളം കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ 'കരുതലേകാം' പദ്ധതിയുടെ ഭാഗമായി പഠന-പരിശീലന ഉപകരണങ്ങൾ വിതരണം ചെയ്തു.

 

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ജെ തങ്കമണി യുടെ അധ്യക്ഷതയിൽ പൊൻകുന്നം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആർ ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കാഞ്ഞിരപ്പള്ളി ബിആ സി യുടെ പരിധിയിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്ന ഭിന്നശേഷി കുട്ടികൾക്ക് 1 ലക്ഷം രൂപയുടെ പഠനോപകരണങ്ങളും, സ്പീച്ച്തെറാപ്പി, ഫിസിയോതെറാപ്പി, ചലനപരിമിതിയുള്ള കുട്ടികൾക്കായുള്ള പരിശീലന ഉപകരണങ്ങൾ എന്നിവയുടെ വിതരണമാണ് നടത്തിയത്. വീടുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭിന്നശേഷി സൗഹൃദ ശൗചാലയവും കുട്ടികൾക്ക് വീടിനകത്തുകൂടി സഞ്ചരിക്കുന്നതിനുള്ള പാരലൽബാർ എന്നിവയുടെ നിർമാണ ഉദ്ഘാടനവും ഇതോടൊപ്പം നടത്തുകയുണ്ടായി. പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരു വിദേശ മലയാളിയുടെ സ്പോണ്സർഷിപ്പിൽ 80,000 രൂപയും ബിആർസി സമാഹരിച്ച 20,000 രൂപയും ഉപയോഗിച്ചാണ് ഈ സംരംഭം പൂർത്തീകരിച്ചത്. ചടങ്ങിൽ കാഞ്ഞിരപ്പള്ളി ബിആർസി യിലെ ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോഡിനേറ്റർ സനൽകുമാർ കെ. കെ സ്വാഗതം ആശംസിച്ചു. എസ്. എസ്. കെ ജില്ലാ പ്രൊജക്റ്റ്‌ കോഡിനേറ്റർ മാണി ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ ഷൈലജ പി.എച്ച്, എസ്. എസ് കെ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ ബിനു എബ്രഹാം, ചിറക്കടവ് വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആന്റണി മാർട്ടിൻ, എച്ച്. എം ഫോറം സെക്രട്ടറി മാരായ ജോസഫ് മാണി, സുനിൽ ജോർജ്, ജി. വി എച്ച്. എസ് എസ് പൊൻകുന്നം ഹായർസെക്കന്ററി വിഭാഗം പ്രിൻസിപ്പാൾ സക്കറിയാസ് മാത്യു, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം പ്രിൻസിപ്പാൾ മനോജ്‌, രക്ഷകർത്തൃ പ്രതിനിധി ആഷ്‌ന അജ്മൽ എന്നിവർ ആശംസകൾ അറിയിച്ചു. സാമൂഹ്യപ്രവർത്തകർ, വിദ്യാഭ്യാസരംഗത്തെ സമുന്നതർ, രക്ഷകർത്താക്കൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു. ബിആർസി സ്പെഷ്യൽ എഡ്യൂക്കേറ്റർ സിജിൻ എ പി കൃതജ്ഞത രേഖപ്പെടുത്തി.