കോണ്‍ഗ്രസ്സിന് പകയുടെ രാഷ്ട്രീയം; സ്റ്റീഫൻ ജോർജ്.


കോട്ടയം: പാലായില്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിലൂടെ കോണ്‍ഗ്രസ്സ് പാര്‍ട്ടി പകയുടെ രാഷ്ട്രീയമാണ് പ്രകടിപ്പിക്കുന്നത് കേരളാ കോൺഗ്രസ്സ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുളള മ്ലേച്ചകരമായ അധിക്ഷേപത്തിന്റെ പേരില്‍ കോടതിജാമ്യം നിഷേധിച്ച പ്രതിക്ക് വേണ്ടി രംഗത്ത് വന്നതിലൂടെ കോണ്‍ഗ്രസ്സ് പാര്‍ട്ടി എത്രമാത്രം അധപതിച്ചു എന്നതിന് തെളിവാണ് എന്ന് അദ്ദേഹം കോട്ടയത്തു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

കേസിലെ പ്രതിയും കുടുംബവും നടത്തിയ പത്രസമ്മേളനം ഒരു കോണ്‍ഗ്രസ്സ് സ്‌പോണ്‍സേര്‍ഡ് പത്രസമ്മേളനമാണ്. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പത്രസമ്മേളനം ഒരു തെളിവ് പോലും ഹാജരാക്കാന്‍ ഇല്ലാതെ വെറും നനഞ്ഞ പടക്കമായി മാറി എന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാതെ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നിരവധി നേതാക്കന്മാര്‍ നമുക്ക് ഇടയിലുണ്ട്. അപ്പോള്‍ ഇത്രയും നീചമായ അധിക്ഷേപ പ്രചരണങ്ങള്‍ നടത്തിയ ഒരു പ്രതിയെ കോൺഗ്രസ്സ് പോലുള്ള ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുന്നത് എന്നും സ്റ്റീഫൻ ജോർജ് ചോദിച്ചു. നിരന്തരമായ അധിക്ഷേപത്തെതുടര്‍ന്ന് ജൂലൈ മാസം 17 ന് കേരളാ കോണ്‍ഗ്രസ്സ് (എം) പോലീസീല്‍ പരാതി നല്‍കിയത്. എന്നാല്‍ സോഷ്യല്‍ മീഡിയായിലൂടെ എന്നെ വേദനിപ്പിച്ചു എന്ന് പറയുന്നവര്‍ മാസങ്ങള്‍ കഴിഞ്ഞ് സെപ്റ്റംബര്‍ മാസത്തിലാണ് പരാതി നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു. സഞ്ജയ് സഖറിയ നടത്തിയ നീചമായ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു മറുമരുന്ന് മാത്രമാണ് ഈ പരാതി എന്ന് വ്യക്തമാണ്. വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് വിദ്വേഷപ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. എല്ലാ വ്യാജ അക്കൗണ്ടുകളുടേയും ഡി.പി പിക്ചര്‍ ഒരുപോലെയാണെന്ന് തെളിയുകയും കുറ്റക്കാരനാണെന്ന് ബോധ്യപ്പെടുകയും സാഹചര്യത്തിലാണ് സഞ്ജയ് സഖറിയായെ അറസ്റ്റ് ചെയ്തത്. പാലാ ബിഷപ്പ് മറ്റ് മതമേലധ്യക്ഷന്മാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി സമൂഹത്തില്‍ ആദരിക്കപ്പെടുന്നവരെ വ്യക്തിഹത്യചെയ്ത ഒരാളിനെ സംരക്ഷിക്കും എന്ന് പറയുന്നതിലൂടെ കോണ്‍ഗ്രസ്സ് സമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്ത് എന്നും സ്റ്റീഫൻ ജോർജ് ചോദിച്ചു. ഇതുപോലെയുള്ള ഒരു ക്രിമിനല്‍ കേസ് പ്രതിയെ മഹത്വവല്‍ക്കരിക്കുന്നതിലൂടെ ബഹുമാന്യനായ കെ.എം ചാണ്ടിയെയാണ് കോണ്‍ഗ്രസ്സ് അപമാനിക്കുന്നത്. പാലാ കാത്തുസൂക്ഷിച്ച രാഷ്ട്രീയ സാമുദായിക ഐക്യം തകര്‍ത്തുകൊണ്ട് പാലായുടെ സംസ്‌ക്കാരം തന്നെ ഇല്ലാതാക്കാന്‍ മാത്രമാണ് ഇത്തരം ശ്രമങ്ങള്‍ സഹായിക്കുന്നത്. കെ.എം മാണി സാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള പകയില്‍ നിന്ന് ഇത്തരം നീചപ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരു ക്രിമിനല്‍ കേസ് പ്രതിയെയാണ്  കോണ്‍ഗ്രസ്സ് സംരക്ഷിക്കുന്നത് എന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, മീഡിയ കോണ്‍ഡിനേറ്റര്‍ വിജി എം.തോമസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.