കുറുവ ഭീതിയിൽ കോട്ടയം: കോട്ടയം-ഏറ്റുമാനൂർ നഗരസഭകളിലും സമീപ ഗ്രാമപഞ്ചായത്തുകളിലും ജാഗ്രതാ നിർദ്ദേശം.


കോട്ടയം: കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മോഷണശ്രമങ്ങൾക്ക് പിന്നിൽ കുറുവ സംഘമെന്ന ഭീതിയിൽ കോട്ടയം. സിസിടിവി ദൃശ്യങ്ങളിൽ നിന്നും കുറുവ സംഘമെന്ന് തോന്നിപ്പിക്കുന്നവരുടെ ദൃശ്യങ്ങൾ കണ്ടതോടെ ജാഗ്രതയിലാണ് മേഖലയിലുള്ളവർ.

 

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മേഖലയിലെ ഏഴോളം വീടുകളിലാണ് മോഷണശ്രമം നടന്നിട്ടുള്ളത്. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അടിച്ചിറ മേഖലയിലെ വീടുകളിലും സമാനമായ മോഷണശ്രമം ഉണ്ടായതോടെ മേഖലയിൽ പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോട്ടയം-ഏറ്റുമാനൂർ നഗരസഭകളിലും സമീപ ഗ്രാമപഞ്ചായത്തുകളിലും പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിരമ്പുഴ,കാണക്കാരി, ആർപ്പൂക്കര,നീണ്ടൂർ,മണർകാട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മേഖലകളിൽ സുരക്ഷയും രാത്രികാല പെട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഇന്നലെ അതിരമ്പുഴയിൽ സംശയാസ്പദമായി കണ്ട നാടോടിസ്ത്രീകളെ നാട്ടുകാർ തടഞ്ഞു വെയ്ക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ ഇവരെ പോലീസ് ചോദ്യംചെയ്ത ശേഷം വിട്ടയച്ചു.

ഇതുവരെ അതിരമ്പുഴയിൽ 7 വീടുകളിലും അടിച്ചിറ മേഖലയിൽ 5 വീടുകളിലുമാണ് മോഷണശ്രമം നടന്നത്. മോഷണശ്രമം നടന്ന വീടുകളിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ ഒന്നുംതന്നെ അപഹരിക്കപ്പെട്ടിട്ടില്ല. മോഷണശ്രമത്തിനു പിന്നിൽ കുറുവ സംഘമാണോ അതോ കുറുവ സംഘമെന്ന രീതിയിൽ വേഷവിതാനങ്ങളോടെയെത്തുന്ന മറ്റു തസ്കരസംഘങ്ങളാണോ എന്നും കണ്ടെത്താനായിട്ടില്ല. രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും എന്ത് ശബ്ദം കേട്ടാലും വീടിനു പുറത്തിറങ്ങാൻ പാടില്ല എന്നും സംശയകരമായ സാഹചര്യമുണ്ടായാൽ വെട്ടമിടുകയും പോലീസിലും അയൽവാസികളെയും വിവരമറിയിക്കണമെന്നും പോലീസ് പറഞ്ഞു. ഇന്നലെ രാത്രി മേഖലകളിൽ പോലീസും വാർഡ് സംഘങ്ങളും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു.