കോട്ടയത്ത് വീടിന്റെ മുറ്റത്ത് അവശനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം,സഹോദരൻ അറസ്റ്റിൽ.


കോട്ടയം: കോട്ടയത്ത് വീടിന്റെ മുറ്റത്ത് അവശനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ കുന്നേൽ വീട്ടിൽ കൊച്ചുമോന്റെ മകൻ സനൽ കെ. കെ(27) ആണ് വീടിന്റെ മുറ്റത്ത് അവശനിലയിൽ കണ്ടെത്തുകയും തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തത്.

സംഭവത്തിൽ സഹോദരൻ അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തതു. ഈ മാസം 8 നാണു ഉച്ചയ്ക്ക് 2 മണിക്ക് സനൽ വീട്ടുമുറ്റത്ത് അവശനിലയിൽ കിടക്കുന്നത് കണ്ടു നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഈ മാസം 11 നു മരണപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് പിന്നിലും നെഞ്ചിലും ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് മനസ്സിലാകുകയും പോലീസ് നടത്തിയ അന്വേഷണത്തിൽ സഹോദരൻ അഖിലാണ് കുറ്റം ചെയ്തത് എന്ന് കണ്ടെത്തുകയും പോലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലിൽ അഖിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഓ റിജോ. പി.ജോസഫ്, എസ്ഐമാരായ അനീഷ് കുമാർ, ശ്രീരംഗൻ,ചന്ദ്രബാബു, രാജ് മോഹൻ എ.എസ്.ഐ. മാരായ ഷോബി, അൻസാരി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.