കോട്ടയം: വിവാദങ്ങൾക്കും നീണ്ട അനശ്ചിതത്വങ്ങൾക്കുമൊടുവിൽ ഈരാറ്റുപേട്ടയ്ക്ക് പിന്നാലെ കോട്ടയം നഗരസഭയിലും ഭരണം നിലനിർത്തി യുഡിഎഫ്. ഇന്ന് നടന്ന കോട്ടയം നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ ബിൻസി സെബാസ്റ്റ്യൻ വിജയിച്ചു.
22 വോട്ടുകൾക്കാണ് ബിൻസി സെബാസ്റ്റ്യൻ വിജയിച്ചത്. രാവിലെ 11 മണിക്ക് നഗരസഭാ കൗൺസിൽ ഹാളിലാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. 52 അംഗ നഗരസഭയിൽ 22 അംഗങ്ങൾ വീതം യുഡിഎഫിനും എൽഡിഎഫിനുമുണ്ട്. 8 അംഗങ്ങൾ ബിജെപിക്കുമുണ്ട്. ആരോഗ്യപരമായ അസ്വസ്ഥതകൾ കാരണം എൽഡിഎഫിലെ ഒരു കൗൺസിലർ ആശുപത്രിയിൽ ആയതിനാൽ എൽഡിഎഫിന് തെരഞ്ഞെടുപ്പിൽ 21 അംഗങ്ങളുടെ പിൻബലം മാത്രമാണയുണ്ടായത്.
ഇതോടെ വോട്ടെടുപ്പിൽ യുഡിഎഫ് 22 എൽഡിഎഫ് 21 ബിജെപി 8 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ.ഷീജാ അനിൽ ആണ് മത്സരിച്ചത്. യുഡിഎഫിന് 22 വോട്ടുകൾ ലഭിച്ചതോടെ സ്ഥാനാർത്ഥിയായി മത്സരിച്ച ബിൻസി സെബാസ്റ്റ്യൻ വിജയിക്കുകയായിരുന്നു. 2 തവണയും 22 വോട്ടുകൾ യുഡിഎഫിന് ലഭിച്ചതോടെയാണ് ബിൻസി സെബാസ്റ്റ്യനെ വിജയിയായി പ്രഖ്യാപിച്ചത്. ഭരണ സ്തംഭനം ആരോപിച്ച് യുഡിഎഫ് നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് കോട്ടയം നഗരസഭയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ 29 വോട്ടുകളുടെ പിന്തുണയോടെയാണ് പാസായതും യുഡിഎഫിന് ഭരണം നഷ്ടമായതും. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നിരുന്നു. ഇതോടെ ഈരാറ്റുപേട്ട നഗരസഭയ്ക്ക് പിന്നാലെ കോട്ടയം നഗരസഭയിലും യുഡിഎഫ് ഭരണം നിലനിർത്തിയിരിക്കുകയാണ്.