കോട്ടയം: നവംബർ 15 ന് നടക്കുന്ന കോട്ടയം നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണ വേണ്ടെന്നു എൽഡിഎഫ്. ഭരണസ്തംഭനം ആരോപിച്ചു യുഡിഎഫ് ചെയര്പേഴ്സണായ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബിജെപി പിന്തുണയോടെയാണ് പാസായത്.
52 അംഗ നഗരസഭയിൽ 22 അംഗങ്ങൾ വീതം യുഡിഎഫിനും എൽഡിഎഫിനുമുണ്ട്. ബിജെപി ക്ക് 8 അംഗങ്ങളുമുണ്ട്. എൽഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ 29 വോട്ടുകളുടെ പിന്തുണയോടെയാണ് പാസായതും യുഡിഎഫിന് ഭരണം നഷ്ടമായതും. എന്നാൽ നവംബർ 15 ന് നടക്കുന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണ വേണ്ട എന്ന നിലപാടിലാണ് എൽഡിഎഫ്.
യുഡിഎഫിനെ ദുർബലപ്പെടുത്താൻ സിപിഎം വർഗീയ ശക്തികളുമായി കൂട്ടുകെട്ട് ഉണ്ടാക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചിരുന്നു. ഈരാറ്റുപേട്ട നഗരസഭയിലും എൽഡിഎഫ് യുഡിഎഫിന് എതിരെ കൊണ്ട് വന്ന അവിശ്വാസപ്രമേയം എസ് ഡി പി ഐ പിന്തുണയോടെയാണ് പാസായത്. എസ് ഡി പി ഐ പിന്തുണ വിവാദമായതോടെ ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്നും എൽഡിഎഫ് വിട്ടുനിൽക്കുകയായിരുന്നു. തുടർന്ന് യുഡിഎഫിലെ സുഹ്‌റ അബ്‌ദുൾ ഖാദർ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. കോട്ടയം നഗരസഭയിൽ 22 അംഗങ്ങൾ വീതമാണ് എൽഡിഎഫിനും യുഡിഎഫിനുമുള്ളത്.