ഒരു വർഷത്തിലധികമായി പൂട്ടിക്കിടന്നിരുന്ന കോട്ടയം ടെക്‌സ്‌റ്റൈല്‍സ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.


കോട്ടയം: ഒരു വർഷത്തിലധികമായി പൂട്ടിക്കിടന്നിരുന്ന കോട്ടയം ടെക്‌സ്‌റ്റൈല്‍സ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വര്‍ഷവും ഒമ്പത് മാസവുമായി പൂട്ടിക്കിടന്നിരുന്ന കോട്ടയം ടെക്‌സ്‌റ്റൈല്‍സ്  ഇന്ന് രാവിലെ എട്ടിന് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

തൊഴിലാളി സംഘടനകള്‍ സ്വീകരിച്ച സൗഹാര്‍ദ്ദപരമായ സമീപനത്തിന്റെ ഫലമാണ് ഇന്ന് കോട്ടയം ടെക്‌സ്‌റ്റൈല്‍സിന്റെ പ്രവര്‍ത്തന പുനഃരാരംഭം എന്ന് രജിസ്‌ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഒക്ടോബര്‍ 28ന് വ്യവസായ മന്ത്രി പി രാജീവിന്റെയും മന്ത്രി വി എൻ വാസവന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളും ട്രേഡ് യൂണിയന്‍ നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തിയിരുന്നു. ലാഭകരമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടയിലുണ്ടായ പ്രശ്നങ്ങളാണ് ലേ ഓഫീലേയ്ക്ക് നയിച്ചത്. സ്ത്രീ തൊഴിലാളികളുടെ ഷിഫ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കാരണമായി.  228 പേര്‍ക്ക് നേരിട്ടും നിരവധി പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സ്ഥാപനം പൂട്ടിക്കിടക്കുന്നത് ആശാസ്യമല്ല എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ചര്‍ച്ചയില്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ സ്വീകരിച്ച അനുഭാവപൂര്‍വ്വമായ സമീപനമാണ് ടെക്‌സ്റ്റൈയില്‍സിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇടയാക്കിയത്. മൂന്ന് ഷിഫ്റ്റിലും ജോലി ചെയ്യാന്‍ തൊഴിലാളികള്‍ സമ്മതിക്കുകയായിരുന്നു. 1.5 കോടി രൂപയാണ്  ടെസ്റ്റൈയില്‍സ് തുറന്ന് പ്രവര്‍ത്തിക്കാനായി സര്‍ക്കാര്‍ അനുവദിച്ചത്. സ്ഥാപന മാനെജ്‌മെന്റും തൊഴിലാളി സംഘടനകളും ഒരേ മനസോടെ നില്‍ക്കുകയാണെങ്കില്‍ ഏത് പ്രതിസന്ധിയെയും മറികടക്കാന്‍ കഴിയുമെന്ന് കോട്ടയം ടെക്‌സ്‌റ്റൈല്‍സില്‍ നടന്ന ഇടപെടല്‍ വ്യക്തമാക്കുന്നതായും മന്ത്രി പറഞ്ഞു. സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തൊഴിലാളി യൂണിയനുകളും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമായത്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പരാതികളുണ്ടെങ്കില്‍ പരിശോധിക്കുകയും ചെയ്യും. രാത്രി ഷിഫ്റ്റില്‍ ജോലിക്കെത്തുന്നവര്‍ക്ക് വാഹന സൗകര്യമൊരുക്കും. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയായിരിക്കും കോട്ടയം സ്പിന്നിംഗ് മില്‍ പ്രവര്‍ത്തിക്കുക. പൂട്ടിക്കിടന്ന സ്ഥാപനം തുറക്കാനായത് സന്തോഷം പകരുന്ന കാര്യമാണ് എന്നും വി എൻ വാസവൻ പറഞ്ഞു.വരും ദിവസങ്ങളില്‍ പൂര്‍വ്വാധികം ശക്തമായി പ്രവര്‍ത്തിച്ച് കോട്ടയം ടെക്‌സ്‌റ്റൈല്‍സ് നഷ്ടങ്ങള്‍ നികത്തി ലാഭത്തിലേയ്ക്ക് എത്തട്ടെയെന്ന് ആശംസിക്കുന്നതായും മന്ത്രി വി എൻ വാസവൻ പറഞ്ഞു.