എരുമേലി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ അപകടാവസ്ഥയിൽ,ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന നിലയിലുള്ള കെട്ടിടത്തിൽ അപകടഭീതിയോടെ ജീവനക്കാരും യാത്രികരും.


എരുമേലി: എരുമേലി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിലെ ഓഫീസ് മുറി ഉൾപ്പടെ പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിൽ. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിത്തറയിൽ നിന്നും ഇളകി മാറിയ നിലയിലാണ് കെട്ടിടം നിൽക്കുന്നത്.

ഭിത്തികളിൽ വിള്ളലുൾപ്പടെ രൂപപ്പെട്ടു അടിത്തറയോട് ചേർന്നുള്ള ഭാഗങ്ങൾ ഇളകി മാറിയിട്ടുണ്ട്. ദിവസേന കിഴക്കൻ മേഖലകളിലേക്കും എറണാകുളം,തിരുവനന്തപുരം, പാലക്കാട്,കോഴിക്കോട് തുടങ്ങിയ വിവിധ മേഖലകളിലേക്കും ദീർഘദൂര സർവ്വീസുകളടക്കം നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്നതാണ് എരുമേലി കെഎസ് ആർടിസി ഓപ്പറേറ്റിങ് സെന്റർ.

ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലുള്ള കെട്ടിടത്തിൽ ജീവനക്കാരും യാത്രികരും അപകടഭീതിയോടെയാണ് നിൽക്കുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കത്താലാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. കനത്ത മഴയിൽ ഇത്തവണ മൂന്നു തവണ കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളം കയറുകയും ഒരു തവണ ഓഫീസും ഗാരേജ് ഉൾപ്പടെ മുങ്ങിപ്പോകുകയും ചെയ്തിരുന്നു.

ലക്ഷങ്ങളുടെ നാശനഷ്ടമാണ് അന്ന് മാത്രം ഓപ്പറേറ്റിങ് സെന്ററിലുണ്ടായത്. ഓഫീസ് മുറിയുടെ കെട്ടിടവും ബാത്ത്‌റൂം കെട്ടിടവുമാണ് ഏറ്റവും അപകടാവസ്ഥയിൽ നിലകൊള്ളുന്നത്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയ്ക്ക് തോടിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന ബസ്സ് സ്റ്റാൻഡിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണിരുന്നു.

മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കാനിരിക്കെ ഓപ്പറേറ്റിങ് സെന്ററിന്റെ ശോചനീയാവസ്ഥ അപകടഭീഷണിയുയർത്തുന്നു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടു നിരവധിപ്പേരാണ് ദിവസേന എരുമേലി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിനെ ആശ്രയിക്കുന്നത്. പുതിയ കെട്ടിടം നിർമ്മിക്കുകയോ ബലക്ഷയം സംഭവിച്ച കെട്ടിടം പുതുക്കി പണിയുകയോ വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.അപകടാവസ്ഥയിലായ കെട്ടിടത്തിൽ നിന്നും ഓഫീസ് പ്രവർത്തനങ്ങൾ എത്രയും വേഗം മറ്റൊരു കെട്ടിടത്തിലേക്ക് സുരക്ഷിതമായി മാറ്റണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.  

Photo:Anoop