കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവത്തിന് കൊടിയേറി.

കുമാരനല്ലൂർ: ഭക്തജനങ്ങളെ സാക്ഷിയാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവത്തിന് കൊടിയേറി. കുമാരനല്ലൂർ ഗ്രാമത്തിനു ആവേശത്തിന്റെ ഉത്സവമേളം സമ്മാനിച്ചു ഇന്നലെ വൈകിട്ട് 5 മണിക്ക് തൃക്കാർത്തിക ഉത്സവത്തിന് കൊടിയേറി. തന്ത്രി കടിയക്കോൽ ഇല്ലം കെ.എൻ.കൃഷ്ണൻ നന്പൂതിരിയുെട കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്.കടിയക്കോൽ ശ്രീഹരി നമ്പൂതിരി കൊടിയേറ്റി.മേൽശാന്തി വാരിക്കാട് ശ്രീനേഷ് നന്പൂതിരി,മധുരമന തിരുമേനി എന്നിവർ സഹകാർമ്മികരായിരുന്നു. നൂറുകണക്കിന് ഭക്തജനങ്ങളാണ് കൊടിയേറ്റ് കർമ്മത്തിനു സാക്ഷ്യം വഹിക്കാൻ എത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഉത്സവാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഭക്തജനങ്ങളെ കൊടിയേറ്റ് കർമ്മങ്ങൾക്ക് പ്രവേശിപ്പിച്ചിരുന്നില്ല. നാലമ്പലത്തിലേക്ക് കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു മാത്രമാണ് പ്രവേശനം അനുവദിക്കുക. എല്ലാ ദിവസവും പറവഴിപാട് ഉണ്ടായിരിക്കും. 19 നാണു പ്രസിദ്ദമായ കുമാരനല്ലൂർ തൃക്കാർത്തിക.