കുറുവ സംഘത്തന്റേത് മയക്കിക്കിടത്തിയ ശേഷമുള്ള മോഷണശ്രമമെന്നു സംശയം, ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടതായി വീട്ടുകാർ, അതിരമ്പുഴയിൽ മോഷണശ്രമം നടന്ന വീടുകളു


കോട്ടയം: കുറുവ സംഘത്തന്റേത് മയക്കിക്കിടത്തിയ ശേഷമുള്ള മോഷണശ്രമമെന്നു സംശയം ബലപ്പെടുന്നു. അതിരമ്പുഴ തൃക്കേൽ നലീഫ മൻസിൽ മുഹമ്മദ് യാസിറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന മോഷണശ്രമം വീട്ടുകാർ അറിഞ്ഞത് രാവിലെയാണ്.

 

7 അംഗങ്ങൾ ഉണ്ടായിരുന്ന വീട്ടിൽ ആരും മോഷണശ്രമം നടന്ന സമയം ഉണരുകയോ ശബ്ദങ്ങൾ കേൾക്കുകയോ ചെയ്തിട്ടില്ല. മോഷണത്തിനിടെ വീട്ടുകാരെ മയക്കിക്കിടത്താനുള്ള മരുന്ന് ഇവരുടെ കൈവശമുണ്ടെന്ന് സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. രാവിലെ എഴുനേറ്റപ്പോഴാണ് വീട്ടുകാർ മോഷണ ശ്രമം നടന്ന വിവരം അറിയുന്നത്.

അതോടൊപ്പം കുടുംബാംഗങ്ങൾക്കെല്ലാം പതിവില്ലാത്ത ക്ഷീണവും തളർച്ചയും മയക്കവും അനുഭവപ്പെട്ടതായി മുഹമ്മദ് യാസിർ പറഞ്ഞു. യാസിറിന്റെ ഭാര്യയുടെ കാലിൽ കിടന്നിരുന്ന പാദസരം സ്വർണ്ണമെന്നു കരുതി മോഷണസംഘം അപഹരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ആയുധങ്ങളുമായി നടക്കുന്നത് കുറുവ സംഘങ്ങളാണെന്നാണ് വിലയിരുത്തൽ. നിലവിൽ ഇതുവരെ മോഷണശ്രമമുണ്ടായ വീടുകളിൽ നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.

മോഷണശ്രമം നടന്ന വീടുകളുടെയെല്ലാം അടുക്കള ഭാഗത്തെയും വീടിന്റെ പിൻഭാഗത്തെയും വാതിലുകളും ജനലുകളുമാണ് തകർക്കാൻ ശ്രമിച്ചിരിക്കുന്നത്. അതിരമ്പുഴ മറ്റംകവല കറുകച്ചേരിൽ സിബിയുടെ വീട്ടിലും മോഷണശ്രമം നടന്നു. വീടിന്റെ പിൻഭാഗത്തെ ജനൽ ചില്ല് തകർത്ത് വാതിൽ തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെയാണ് മോഷണം നടന്ന വിവരം വീട്ടുകാർ അറിയുന്നത്. വീട്ടിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് സിബി പറഞ്ഞു. ഇതോടെ അതിരമ്പുഴ മേഖലയിൽ മോഷണം നടന്ന വീടുകളുടെ എണ്ണം 7 ആയി. അതേസമയം കഴിഞ്ഞ ദിവസം അടിച്ചിറ മേഖലയിലും അഞ്ചോളം വീടുകളിൽ മോഷണശ്രമം നടന്നു. എന്നാൽ മോഷണശ്രമത്തിനു പിന്നിൽ കുറുവ സംഘങ്ങൾ ആണോ എന്ന് ഉറപ്പിക്കാറായിട്ടില്ല എന്ന് ഡിവൈഎസ്പി ജെ. സന്തോഷ്‌കുമാർ പറഞ്ഞു. മനയ്ക്കപ്പാടം നീർമലക്കുന്നേൽ മുജീബ്, കളപ്പുരത്തട്ടേൽ ജോർജ്, തൃക്കേൽ നലീഫ മൻസിൽ യാസിർ, പൈമറ്റത്തിൽ ഇക്ബാൽ, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാർ, യാസ്മിൻ എന്നിവരുടെ വീടുകളിലാണ് ശനിയാഴ്ച വെളുപ്പിന് മോഷണശ്രമം നടന്നത്. അടിച്ചിറയിൽ ധന്യ രാജേഷ്, ലത എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു.