കൊയ്ത്തിനു ആളെ കിട്ടാതെ വിഷമിച്ച കോട്ടയത്തെ നെൽകർഷകർക്ക് ആശ്വാസവും ഒപ്പം അത്ഭുതവും സമ്മാനിച്ചു കൊയ്ത്ത് യന്ത്രവുമായി ഷിനി എത്തി.


കോട്ടയം: കൊയ്ത്തിനു ആളെ കിട്ടാതെ വിഷമിച്ച കോട്ടയത്തെ നെൽകർഷകർക്ക് ആശ്വാസവും ഒപ്പം അത്ഭുതവും സമ്മാനിച്ചു കൊയ്ത്ത് യന്ത്രവുമായി ഷിനി എത്തി. വിളവെടുപ്പിനു സമയമായിട്ടും കൊയ്ത്തിനു ആളെ കിട്ടാതായതോടെ വിഷമാവസ്ഥയിലായിരുന്നു ചെങ്ങളം മൂന്നുമൂലയ്ക്ക് സമീപമുള്ള കേളക്കരി പാടശേഖരത്തിലെ കർഷകർ.

 

തൊഴിലാളികളെ കിട്ടാതായതോടെ വിളഞ്ഞു കിടക്കുന്ന നെല്ല് കൊയ്തെടുക്കാൻ സഹായമാവശ്യപ്പെട്ടു കർഷകർ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ കാർഷിക കേന്ദ്രവുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് കർഷകരുടെ ആവശ്യപ്രകാരം കേന്ദ്രത്തിൽ നിന്നും കൊയ്ത്ത് യന്ത്രവും ഓപ്പറേറ്ററും എത്തി.

വടക്കൻ പറവൂർ കരുമാലൂർ സ്വദേശി ഷിനി വിനോദ് ആണ് കോട്ടയത്തെ കർഷകർക്ക് ആശ്വാസമായി എത്തിയത്. പുത്തൻ കൊയ്ത്ത് യന്ത്രവും വനിതാ ഓപ്പറേറ്ററെയും കണ്ടതോടെ ആശ്വാസവും ഒപ്പം അത്ഭുതവും ആണുണ്ടായത്. കൃഷി വകുപ്പിൽ നിന്നും കൊയ്ത്ത് യന്ത്രം പ്രവർത്തിപ്പിക്കാനുള്ള പരിശീലനം നേടിയിട്ടുണ്ട് ഷിനി. ഒരു മണിക്കൂറിനു 250 രൂപ എന്ന നിരക്കിലാണ് കൂലി. പ്രതിദിനം 8 മണിക്കൂറാണ് ജോലി ചെയ്യുന്നതെന്ന് ഷിനി പറഞ്ഞു. തനിക്കൊപ്പം കൊയ്ത്ത് യന്ത്രം പ്രവർത്തിപ്പിക്കാൻ പരിശീലനം നേടിയ 6 വനിതകളും ഇപ്പോൾ പിന്മാറിയതായും വനിതകൾക്ക് യന്ത്രം പ്രവർത്തിപ്പിക്കുന്നതിൽ പരിശീലനം നൽകുന്നുണ്ടെന്നും ഷിനി പറഞ്ഞു. കാർഷിക മേഖലയോടുള്ള കൂടുതൽ താത്പര്യമാണ് ഇതിനു പിന്നിലെ പ്രേരക ശക്തിയെന്ന് ഷൈനി പറയുന്നു. ഭർത്താവ് വിനോധും മക്കളായ അമലും വിമലും പൂർണ്ണ പിന്തുണയുമായി തനിക്കൊപ്പമുണ്ടെന്നും ഈ പിൻബലമാണ് തന്നെ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കുന്നതെന്നും ഷിനി പറഞ്ഞു. 

Image credits to respective owner